kidney

കണ്ണൂർ: ജീവൻ നിലനിർത്താൻ വൃക്ക മാറ്റി വെക്കൽ മാത്രം പോംവഴിയായി നിൽക്കുന്ന രോഗികൾക്ക് മുന്നിൽ കടമ്പ തീർത്ത് നിയമം. അവയവ മാഫിയയുടെ മുതലെടുപ്പ് തടയുന്നതിനായി വൃക്കദാനം സംബന്ധിച്ച് നിയമം കർക്കശമാക്കിയതോടെ പ്രതീക്ഷയറ്റത് ശസ്ത്രക്രിയ ഒഴിവാക്കാൻ കഴിയാത്ത രോഗികളാണ്.

ഇത്തരം രോഗികളിൽ ഭൂരിഭാഗം പേരും മൃതസഞ്ജീവിനിയിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. നിലവിലുള്ള നിയമമനുസരിച്ച് ബന്ധുക്കൾ മാത്രമേ ദാതാക്കളാകാൻ പാടുള്ളു. എന്നാൽ രോഗികളിൽ ഭൂരിഭാഗം പേർക്കും ബന്ധുക്കളെ കിട്ടുന്നില്ല. അഥവാ കിട്ടിയാൽ തന്നെ അവരുടെ വൃക്ക അനുയോജ്യമാകുന്നത് വിരളവും. പത്രത്തിൽ പരസ്യം നൽകി ദാതാക്കളെ കണ്ടെത്തി വൃക്ക സ്വീകരിക്കാനുള്ള സൗകര്യമാണ് അവയവമാഫിയയുടെ കടന്നുകയറ്റം മൂലം ഇല്ലാതായത്.
സാമ്പത്തിക കഴിവുള്ളവർ ഇത്തരം രോഗികളുടെ ചികിത്സാചെലവ് സൗജന്യമായി ചെയ്തു നൽകാൻ തയ്യാറാകുന്നുണ്ട്. സന്നദ്ധ സംഘടനകളും സഹായമെത്തിക്കുന്നു. അതിനാൽ സർക്കാരിന് വൃക്കരോഗികളുടെ കാര്യത്തിൽ വലിയ ചെലവ് ഉണ്ടാകാറില്ല. അഞ്ച് ലക്ഷം രൂപ വരെ ഒരു രോഗിക്ക് വർഷത്തിൽ ഡയാലിസിസ് ചെയ്യാൻ ആവശ്യമായി വരും. എന്നാൽ വൃക്ക മാറ്റി വെക്കാനുള്ള സഹായം ലഭിച്ചാൽ മരുന്നിനുള്ള വക കണ്ടെത്തിയാൽ മതിയാകും. സൗജന്യമായി വൃക്ക ദാനം നൽകാൻ തയ്യാറായിട്ടുള്ള നിരവധിയാളുകൾ രോഗികളെ സമീപിക്കാറുണ്ട്. എന്നാൽ ഇതിനിടയിൽ ഇടനിലക്കാർ ഇടപെട്ട് ഒരു വിഭാഗം കച്ചവടമാക്കി മാറ്റുന്ന പ്രവണതയുണ്ടായിരുന്നു.

ദാതാവിനും വേണം സംരക്ഷണം

വൃക്കദാനം ചെയ്യുമ്പോൾ സർക്കാരിന്റെ കീഴിൽ സുതാര്യമായി മെഡിക്കൽ ബോർഡിന്റെയോ നിർദ്ദിഷ്ട സൊസൈറ്റിയുടെയോ മേൽനോട്ടത്തിൽ വൃക്ക ദാതാവിന് തക്കതായ ഭാവി പരിചരണ ചികിത്സാ ചെലവ് നൽകി വൃക്ക സ്വീകരിക്കാൻ നിയമമുണ്ടാക്കിയാൽ ആയിരക്കണക്കിന് രോഗികൾക്ക് ജീവിക്കാൻ അവസരമുണ്ടാകുമെന്നാണ് കിഡ്നി കെയർ ഉൾപ്പെടെയുള്ള സംഘടനകൾ പറയുന്നത്. അവയവം മാറ്റിവയ്ക്കൽ വിഷയം ചർച്ച ചെയ്യുമ്പോൾ മേൽ കാര്യം ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ലക്ഷം മുതൽ 15 കോടി രൂപ വരെയുള്ള മരുന്ന് വാങ്ങി ജീവൻ രക്ഷിക്കാൻ അവസരമുള്ള വ്യാപാരം ഇവിടെ നടക്കുമ്പോൾ ഒരാളുടെ വൃക്ക സ്വീകരിക്കുമ്പോൾ സാമ്പത്തീക സഹായം നൽകുന്നത് ന്യായമായ സമീപനമാണ്. അങ്ങനെ അനേകായിരം പേരെ ജീവിപ്പിക്കാൻ സാധിക്കും.അല്ലാത്ത പക്ഷം ഉള്ളതെല്ലാം പെറുക്കി വിറ്റ് ഡയാലിസിസ് ചെയ്ത് കുടുംബം കടത്തിൽ മുങ്ങും

പി.പി. കൃഷ്ണൻ ചെയർമാൻ, കിഡ്‌നി കെയർ കേരള