agc-basheer

കാസർകോട്: സ്വന്തമായി ആവിഷ്കരിച്ച വൻകിട പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിന്റെ നേട്ടം അവകാശപ്പെട്ടാണ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെയും വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. എന്നാൽ പരസ്പരം ഏറ്റുമുട്ടുന്ന ഭരണനേതൃത്വത്തിന്റെ പരാജയം എണ്ണിപ്പറഞ്ഞ് ഇടതുമുന്നണി ഈ അവകാശവാദത്തെ തള്ളിപ്പറയുകയാണ്.

കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ജല ജീവനം പദ്ധതി, പ്രധാന റോഡുകളുടെ മെക്കാഡം, ബേക്കൽ അന്താരാഷ്ട്ര ടൂറിസം പദ്ധതിക്ക് സഹായകമായ പെരിയ എയർസ്ട്രിപ്പ്, സോളാർ വൈദ്യുതി ഉത്പാദനം, ആരോഗ്യ മേഖലയിലെ പദ്ധതികൾ, തെരുവ് നായകളുടെ വന്ധ്യംകരണം, അടിസ്ഥാന മേഖലയിലെ വികസന പദ്ധതികൾ, പട്ടികജാതി, വർഗ്ഗ മേഖലകളിൽ നടത്തിയ പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന നേട്ടങ്ങളായി ഭരണസമിതി ഉയർത്തിക്കാണിക്കുന്നത്. ജില്ല നേരിടുന്ന ഏറ്റവും പ്രധാനമായ പ്രശ്നം എന്ന നിലയിൽ വരൾച്ചയെ അതിജീവിക്കാൻ ജല ജീവനം പദ്ധതി കൊണ്ടുവന്നു. ഉത്പാദന മേഖലയിലെ ഭൂരിപക്ഷം ഫണ്ടും ചിലവഴിച്ചു. ചൈനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ റബ്ബറൈസ്ഡ് ചെക്ക് ഡാം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സ്ഥാപിച്ചു. ജില്ലയിൽ നിരവധി ചെക്ക് ഡാമുകൾ പണിയാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

മറ്റ് നേട്ടങ്ങൾ

ചെറുകിട വിമാനത്താവളം യാഥാർഥ്യമാക്കാൻ ശ്രമം

 1,478 കിലോവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ചു

 84 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സോളാർ വൈദ്യുതി നൽകി.

 7000 ത്തോളം തെരുവുനായകളെ വന്ധ്യംകരിച്ചു

എൻഡോസൾഫാൻ, എച്ച്.ഐ.വി ബാധിതർക്ക് 258 വീടുകൾ

ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിലാദ്യമായി നവീന പദ്ധതികൾ ഏറ്റെടുത്തു പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 43 കോടി രൂപ ചിലവഴിച്ചു സ്കൂളുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കിയതും പെരിയ എയർസ്ട്രിപ്പും എടുത്തുപറയേണ്ട നേട്ടങ്ങൾ തന്നെയാണ്.

എ. ജി .സി ബഷീർ

(കാസർകോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് )

യു ഡി എഫ് അംഗങ്ങൾ പ്രസിഡന്റിനെ ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു പദ്ധതി നിർവഹണവും ആസൂത്രണവും നടന്നില്ല. 2016-17 വർഷത്തിൽ ആവിഷ്‌ക്കരിച്ച പദ്ധതികൾ തന്നെയാണ് സ്പിൽ ഓവർ ആയി ഈ വർഷവും നടത്തുന്നത്. കൈമാറി കിട്ടിയ റോഡുകളിലും സ്ഥാപനങ്ങളിലും അറ്റകുറ്റപ്പണി നടത്താൻ പോലും കഴിഞ്ഞില്ല.

ഡോ. വി.പി.പി മുസ്തഫ

(സി.പി.എം)

ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അന്തർധാര എല്ലാ കാര്യത്തിലും സജീവമായിരുന്നു. റോഡ് വികസനത്തിന് അനുവദിച്ച 32 കോടി ലാപ്സാക്കിയത് ഭരണപരാജയത്തിന് തെളിവാണ്. വികസന പദ്ധതികൾ മുടങ്ങിയത് ഭരണത്തിന്റെ കഴിവുകേടുമാണ്.

അഡ്വ. കെ. ശ്രീകാന്ത് (ബി.ജെ.പി )

കക്ഷിനില ആകെസീറ്റ് 17

യു.ഡി.എഫ് 8
എൽ.ഡി.എഫ് 7
ബി.ജെ.പി 2