പിലിക്കോട്: പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കടുംബശ്രീ കൂട്ടായ്മകൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ കെട്ടിടമൊരുങ്ങി. പഞ്ചായത്തിന്റെ ദ്വിവത്സര പദ്ധതികളിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ മാർക്കറ്റിനു സമീപം വിപണന കേന്ദ്രം നിർമ്മിച്ചത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. 313 കുടുംബശ്രീ അയൽക്കുട്ടങ്ങളുള്ള പിലിക്കോട് സി.ഡി.എസിൽ 121 ചെറുകിട വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ഉൽപ്പന്നങ്ങൾ അംഗങ്ങൾ നാടുനീളെ നടന്നാണ് ഇപ്പോൾ വിൽപ്പന നടത്തിവരുന്നത്. ഇതിനു പരിഹാരമായാണ് വിപണന കേന്ദ്രം തുറന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ടി.പി മൈമൂനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ദാമോദരൻ, ഗ്രാമ പഞ്ചായത്ത് അംഗം വി.പി. രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൺ വി. ലീന സംസാരിച്ചു. പഞ്ചായത്ത് അസി. എൻജിനിയർ രമേശൻ കുറുവാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ സ്വാഗതവും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ നന്ദിയും പറഞ്ഞു.