കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവും സീറ്റുവിഭജനവും സമയ ബന്ധിതമായി നടത്താൻ ഡി.സി.സി രൂപീകരിച്ച രണ്ട് കമ്മിറ്റികളിലും മഹിളാകോൺഗ്രസ് നേതാക്കളെയും ഈഴവ സമുദായത്തെയും ഒഴിവാക്കിയതായി ആക്ഷേപം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കെ.പി.സി.സി ചുമതയുള്ള ജി. രതികുമാർ, എം. അസിനാർ, കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിക്കാണ് ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയത്തിനുമുള്ള ചുമതല നിശ്ചയിച്ചത്.

ഇതിനു തൊട്ടുപുറകെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമാത്രം അജൻഡയാക്കി രൂപീകരിച്ച മറ്റൊരു കമ്മിറ്റിയുമുണ്ട്. ഹക്കീം കുന്നിൽ കൺവീനറായ ഈ കമ്മറ്റിയിൽ പി.എ അഷറഫലി, അഡ്വ. സി.കെ ശ്രീധരൻ, പി.കെ ഫൈസൽ, എ. ഗോവിന്ദൻ നായർ, അഡ്വ. എ ഗോവിന്ദൻ നായർ, സെബാസ്റ്റിയൻ പതാലിൽ എന്നിവർ അംഗങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അമ്പതുശതമാനം വനിതാ സംവരണമുണ്ടായിട്ടും ഒരു വനിതാ നേതാവിനുപോലും കമ്മറ്റികളിൽ ഇടം നൽകിയില്ല.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ ഗീതാ കൃഷ്ണൻ, ധന്യാസുരേഷ് പെരിയ തുടങ്ങിയ ജില്ല - സംസ്ഥാന നേതാക്കളെ കമ്മറ്റിയിൽനിന്ന് ഒഴിവാക്കി. അഞ്ചു നിയോജകമണ്ഡലം കമ്മിറ്റിയുണ്ടായിരുന്നപ്പോൾ മൂന്ന് നിയോജകമണ്ഡലം പ്രസിഡന്റുമാർ ഈഴവ സമുദായത്തിൽനിന്നായിരുന്നു. പ്രവർത്തന സൗകര്യത്തിനായി പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളാക്കി വിഭജിപ്പോൾ ഈ സമുദായത്തിൽ നിന്ന് രണ്ടു പേരെ മാത്രമാണ് ഭാരവാഹികളാക്കിയത്.

പ്രബല സമുദായത്തെ തഴഞ്ഞതിൽ പ്രയാസമുണ്ട്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ തറപറ്റിക്കുന്നതിനു വേണ്ടി എല്ലാവർക്കും സ്വീകാര്യമായ നടപടികളാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്.

ഒരു ബ്ലോക്ക് കമ്മിറ്റി ഭാരവാഹി