കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലും രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കണക്കുകൾ. കൊവിഡ് തീവ്ര ലക്ഷണങ്ങളോടു കൂടിയ കാറ്റഗറി സി വിഭാഗത്തിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിന് വേണ്ടിയിട്ടാണ് അടിയന്തര പ്രാധാന്യത്തോടെ കൂടി ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രി ആക്കി മാറ്റിയത്. ശ്വാസകോശ സംബന്ധമായ ഗുരുതര രോഗബാധയേൽക്കുന്നവരുടെ രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞു വരികയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന അവസ്ഥ ചികിത്സിച്ചു ഭേദമാക്കാൻ ആശുപത്രിക്ക് സാധിച്ചു.
കൊവിഡ് ആശുപത്രിയായി മാറ്റപ്പെട്ട ശേഷം 261രോഗികൾക്ക് ചികിത്സക്ക് നൽകുകയുണ്ടായി. നിലവിൽ 46 രോഗികൾ ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. ഇവരിൽ 18 രോഗികൾ അതീവ ഗുരുതരാവസ്ഥയിൽ ഉള്ളതും ഐസിയു സംവിധാനത്തിൽ കഴിയുന്നവരുമാണ്.
മറ്റ് രോഗികൾക്കുള്ള ചികിത്സ നിഷേധിക്കപ്പെടുന്നു എന്നുള്ള പരാതിയും ഒരു പരിധിവരെയെങ്കിലും പരിഹരിച്ചു കൊണ്ടാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ജനങ്ങൾ ആ മാറ്റം ഉൾക്കൊണ്ടു ചികിത്സതേടി നീലേശ്വരം താലൂക്ക് ആശുപത്രിയിലും പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആനന്ദാശ്രമം പ്രാഥമികാരോഗ്യകേന്ദ്രത്തിലും എത്തുന്നു എന്നത് തന്നെയാണ് കണക്കുകൾ തെളിയിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ ഒ.പി യിൽ ദിവസേന ശരാശരി 150 നും 200 നുമിടയിൽ ഉണ്ടായ വർദ്ധനവ് ഇതു തെളിയിക്കുന്നു.
കൊവിഡ് തുടങ്ങിയശേഷം ജില്ലാ ആശുപത്രിയിൽ ശരാരശി 500 നടുത്ത് രോഗികളാണ് ആണ് ഒ പിയിൽ എത്തിയിരുന്നത്. ആ എണ്ണത്തിനടുത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന ജില്ലാ ആശുപത്രി സൗകര്യങ്ങൾ മാറ്റിയ ആശുപത്രികളിൽ ഉണ്ടായിട്ടുണ്ട് . പ്രസവ സംബന്ധമായ ചികിത്സയ്ക്കു വേണ്ടി ലക്ഷ്മി മേഘൻ ആശുപത്രിയിൽ ഒക്ടോബർ 5 നു തുടങ്ങിയ പ്രസവ ചികിത്സാകേന്ദ്രത്തിൽ കൃത്യമായി ചികിത്സ നടന്നു വരുന്നു . ഇതുവരെയായി 185 ഗർഭിണികൾ ചികിത്സ തേടുകയും 147പ്രസവങ്ങൾ നടക്കുകയും ചെയ്തു. ഇതിൽ 58 സിസേറിയനും 89 സാധാരണ പ്രസവങ്ങളുമാണ്. ജില്ലാ ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സയ്ക്ക് ലഭിച്ചിരുന്ന എല്ലാ സാമ്പത്തികാനുകൂല്യങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. രോഗികളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസ് സർവീസും നടത്തിവരുന്നു.