തളിപ്പറമ്പ്: വുഡ് ഫർണ്ണിച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും എം.എസ്.എം.ഇ വ്യവസായങ്ങൾക്ക് ഉണ്ടാകുമെന്നും. വ്യവസായ സംരംഭങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനകം എല്ലാ അനുമതികളും ലഭ്യമാക്കുന്ന സംവിധാനം ആവിഷ്‌കരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ പൊതു ഉൽപ്പാദന കേന്ദ്രമാണ് പരിയാരം അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം. തളിപ്പറമ്പിലെ വുഡ് ഫർണിച്ചർ ക്ലസ്റ്ററിൽ 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 53 യൂണിറ്റുകൾ ചേർന്നുള്ള കൺസോർഷ്യമാണ് നടപ്പാക്കിയത്.

11.70 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. മാങ്ങാട്ടുപറമ്പ് മൈസോണിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷനായി. ജെയിംസ് മാത്യു എം.എൽ.എ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, എം.എസ്.എം.ഇ അഡീഷണൽ സെക്രട്ടറി ദേവേന്ദ്ര കുമാർ സിംഗ്, കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ എം.ജി രാജമാണിക്യം, മലബാർ കൺസോർഷ്യം എം.ഡി കെ.പി രവീന്ദ്രൻ പങ്കെടുത്തു