bhel

കാസർകോട്: സംസ്ഥാനസർക്കാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും നടപടികൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തനം നിലച്ച കാസർകോട് ഭെൽ ഇ.എം.എല്ലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരവുമായി ജീവനക്കാരുടെ സംയുക്ത സമരസമിതി. ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന ഹൈക്കോടതി വിധി പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. കൈമാറ്റ നടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടതാണ്.

ജീവനക്കാർക്ക് രണ്ടു വർഷമായി ശമ്പളം, പെൻഷൻ എന്നിവ ലഭിക്കുന്നില്ല. 25 മുതൽ 30 വർഷം വരെ ജോലി ചെയ്ത് വിരമിക്കുന്ന ജീവനക്കാർക്ക് വെറും കൈയോടെ പിരിഞ്ഞു പോകേണ്ടി വരുന്നു. പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഉത്പാദനം നിലച്ചു. ലോക്ക് ഡൗൺ കൂടി വന്നതോടെ മാർച്ച് 20ന് അടച്ചിട്ട കമ്പനി ഇതുവരെ തുറന്നിട്ടില്ല. മെഷിനറികൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

അല്പം പിന്നിലേക്ക്

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കെൽ കമ്പനിയുടെ കാസർകോട് യൂണിറ്റാണ്, 2011 മാർച്ച് 28 മുതൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഭെൽ ഇ.എം.എൽ കമ്പനിയായി മാറിയത്. 2016ൽ ഭെല്ലിന്റെ ഓഹരികൾ കൈയൊഴിയാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ഓഹരികൾ ഏറ്റെടുത്ത് പഴയത് പോലെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാക്കി മാറ്റാൻ 2017 ജൂൺ 12ന് സംസ്ഥാന സർക്കാർ തീരുമാനിക്കുകയും കൈമാറ്റ കരാർ ഒപ്പുവയ്ക്കാനുള്ള അനുമതി 2019 സെപ്തംബർ 5 ന്റെ മന്ത്രിസഭ നൽകുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ നടപടികൾ സ്തംഭിച്ചിരിക്കുകയാണ്.

റിലേ സത്യാഗ്രഹം 9 മുതൽ 12 വരെ

കമ്പനി ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക, കൈമാറ്റനടപടികൾ പൂർത്തിയാക്കുക, ജീവനക്കാരുടെ ശമ്പളമുൾപ്പടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭെൽ ഇ.എം.എൽ സംരക്ഷണ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒപ്പുമരചുവട്ടിൽ റിലേ സത്യാഗ്രഹം നടത്തുമെന്ന് ചെയർമാൻ ടി.കെ രാജൻ, ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടത്തുന്ന സത്യാഗ്രഹം ദിവസവും രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 5ന് സമാപിക്കും. എ. അബ്ദുൾ റഹ്മാൻ (എസ്.ടി.യു) ഒന്നാം ദിവസവും മുൻ എം.പി. പി.കരുണാകരൻ (സി.ഐ.ടി.യു) രണ്ടാം ദിവസവും അഡ്വ. പി.രാമചന്ദ്രൻ നായർ (ഐ.എൻ.ടി.യു.സി) മൂന്നാംദിവസവും, അഡ്വ. പി.മുരളീധരൻ (ബി.എം.എസ്) നാലാം ദിവസവും സമരം ഉദ്ഘാടനം ചെയ്യും.