​തൃക്കരിപ്പൂർ: താത്കാലികാടിസ്ഥാനത്തിൽ നിയമം നടത്താനായി വലിയപറമ്പ് പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് ബഹളം. അഭിമുഖം മാറ്റിവെക്കണമെന്ന ആവശ്യവുമായെത്തിയ ചില ഉദ്യോഗാർത്ഥികളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും ഇത് നിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരും തമ്മിലാണ് കടുത്ത വാക് തർക്കം നടന്നത്.

ഇന്നലെ രാവിലെ വലിയപറമ്പ പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിലായിരുന്നു ഇന്റർവ്യൂ നടന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും പഞ്ചായത്ത് പ്രതിനിധികളുമാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത്.

പ്രാഥമികരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിലേക്ക് 11 പേരാണ് അഭിമുഖത്തിന് എത്തിയത്. ഇതിൽ രണ്ടുപേർ ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹായത്താൽ ഇന്റർവ്യൂ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകുകയായിരുന്നു . ഇന്റർവ്യൂ നടത്തുന്നതിന് ഏഴുദിവസം മുൻപെങ്കിലും അറിയിപ്പ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം. എന്നാൽ ആക്ഷേപം ഉന്നയിച്ച രണ്ട് ഉദ്യോഗാർത്ഥികൾക്കും യോഗ്യത ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ പറഞ്ഞത് കടുത്ത ബഹളത്തിൽ കലാശിക്കുകയായിരുന്നു. ബഹളം നീണ്ടുപോയതോടെ ഇന്റർവ്യൂ മാറ്റിവെക്കുകയായിരുന്നു.