ഏഴിമല (കണ്ണൂർ): നാവിക അക്കാഡമിക്കായി 28 വർഷം മുമ്പ് കുടിയൊഴിഞ്ഞവർക്ക് സർക്കാർ അനുവദിച്ച സഹായ ധനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും കിട്ടുമോ എന്നാണ് ഏഴിമലയിൽ നിന്ന് ഉയരുന്ന ചോദ്യം. കഴിഞ്ഞവർഷം നവംബർ മുതൽ ഈ വർഷം മേയ് വരെ മൂന്നു ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാൽ കാലഹരണപ്പെട്ടതാണ് ആക്ഷേപത്തിനിടയാക്കിയത്. തലശേരി സ്‌പെഷൽ തഹസിൽദാർ ഓഫീസിലെ ചുവപ്പുനാടയാണ് ഫണ്ട് വിതരണം മുടക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം കുരുങ്ങിക്കിടക്കുകയാണ്. സർക്കാർ അനുവദിച്ച തുക കാലഹരണപ്പെടാനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
1983 ലാണ് നാവിക അക്കാഡമിക്ക് വേണ്ടി കുടിയൊഴിപ്പിക്കൽ പൂർത്തിയായത്. അന്നു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കുറവായതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു തുടർന്നാണ് നഷ്ടപരിഹാരത്തിനുള്ള അധികതുക ലഭിച്ചത്.ഘട്ടം ഘട്ടമായാണ് തുക അനുവദിച്ചതും വിതരണം ചെയ്തു തുടങ്ങിയതും. ഇത്തരത്തിൽ അനുവദിച്ച ഫണ്ടാണ് വിതരണം ചെയ്യാതെ നഷ്ടപ്പെട്ടത്.
പഴി കൊവിഡിന്
ഏഴിമല സ്വദേശി നൽകിയ പരാതിക്ക് നൽകിയ മറുപടിയിൽ തുകവിതരണത്തിന് തടസമായത് കൊവിഡാണെന്നാണ് അധികൃതരുടെ വിശദീകരണം. ആദ്യഘട്ടതുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വർഷം ഡിസംബർ 18ന് ലഭ്യമായി എന്നും ഫെബ്രുവരി 29 മുതൽ കക്ഷികൾക്ക് നോട്ടീസയച്ചുവെന്നും മറുപടിയിലുണ്ട്. കാലഹരണപ്പെട്ട തുക വീണ്ടും അനുവദിക്കുന്നതിനായി ജില്ലാ കളക്ടർക്ക് എഴുതിയിട്ടുണ്ടെന്നും വീണ്ടും അനുവദിച്ചു കിട്ടിയാലും നേരത്തെ സ്വീകരിച്ചിരുന്ന നടപടിക്രമങ്ങൾ വീണ്ടും ആവർത്തിക്കേണ്ടതുണ്ടെന്നും വിശദീകരിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ സർക്കാർ കനിഞ്ഞാലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൈയിൽ പണമെത്തുകയെന്നത് അത്രയെളുപ്പമല്ലെന്നാണ് വിശദീകരണത്തിലെ സൂചന. സർക്കാൻ അനുവദിച്ച തുക തങ്ങളുടെ കൈയിൽ കിട്ടാൻ ഇനി ഏതുവാതിലിലാണ് മുട്ടേണ്ടതെന്നാണ് പുനരധിവസിപ്പിക്കപ്പെട്ടവരുടെ ചോദ്യം.