കണ്ണൂർ: മാലിന്യം നിറഞ്ഞ കക്കാട് പുഴ സൗന്ദര്യവത്ക്കരിച്ച് വിനോദ സഞ്ചാരധിഷ്ടിതമായി വികസിപ്പിക്കുന്നതിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ താൽപ്പര്യപത്രം ക്ഷണിക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ ഓൺലൈൻ കൗൺസിൽ യോഗം തീരുമാനിച്ചു. വർഷങ്ങളായി കക്കാട് പുഴ മാലിന്യങ്ങളാൽ മൂടി കിടക്കുകയായിരുന്നു. ഈ പുഴയുടെ തീരങ്ങളാകട്ടെ മണ്ണിടിഞ്ഞുംമറ്റും നാശത്തിന്റെ വക്കിലായിരുന്നു. ഇതേ തുടർന്നാണ് പുഴയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനും പുഴയുടെ തീരം സൗന്ദര്യ വൽക്കരിച്ചും നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുമാണ് കോർപ്പറഷൻ ഇതിനായി ടൂറിസം മേഖലക്ക് മാത്രമായുള്ള എം പാനൽ ആർകിടെക്ടിന്റെ സേവനത്തിനായി താൽപ്പര്യ പത്രം ക്ഷണിക്കുന്നതിന് തീരുമാനിച്ചത്.
ലൈസൻസ് ഫീ അടക്കുന്നതിന് വീഴ്ച വരുത്തുന്നവർ ഓരോ 15 ദിവസം കൂടുന്തോറും നിശ്ചിത തുക അടക്കണമെന്ന സർക്കാർ ഉത്തരവ് പ്രയാസമുണ്ടാകുന്ന സാഹചര്യത്തിൽ അമിത പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാനും കൗൺയിൽ യോഗം തീരുമാനിച്ചു.
താണയിലെ ഒതയോത്ത് ശ്മശാനം തീയ്യ സമുദായത്തിന് വിട്ട് കൊടുക്കണമെന്നുള്ള അജണ്ടയെ പ്രതിപക്ഷം ശക്തമായി എതിർത്തു. കോടതിയിൽ നിലവിലുള്ള കേസാണെന്ന് അവർ ചൂണ്ടിക്കാട്ടിയെങ്കിലും നിയമോപദേശം തേടി സമുദായ സംഘടനക്ക് കൈമാറുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. യോഗത്തിൽ മേയർ സി.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ടി.ഒ. മോഹനൻ, സി.കെ. വിനോദ്, അഡ്വ. പി. ഇന്ദിര, കെ. ജെമിനി, വെള്ളോറ രാജൻ എന്നിവർ സംബന്ധിച്ചു.