കണ്ണൂർ: സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാറിൽ പ്രകാശത്തിന്റെ പുതുചരിത്രം പിറക്കും. മലബാറിലേക്കുള്ള പ്രസരണ നഷ്ടം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രധാന നേട്ടം. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. വൈദ്യുതിയുടെ ഒളിച്ചുകളിയും ഒഴിവാക്കാൻ കഴിയും. മലബാറിലെ വ്യവസായ സംരംഭങ്ങൾക്കും മറ്റും ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാനും പുതിയ പദ്ധതി വഴി കഴിയും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂർ മാടക്കത്തറ വരെ 165 കിലോമീറ്റർ ലൈനാണ് സ്ഥാപിച്ചത്. 1474 കോടി രൂപയാണ് ചെലവ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. വോൾട്ടേജ് സോഴ്സ് കൺവർട്ടർ സംവിധാനം അതിനൂതന സാങ്കേതിക വിദ്യയായ വോൾട്ടേജ് സോഴ്സ് കൺവർട്ടർ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യപ്രസരണ ശൃംഖലയാണ് പുഗലൂർ-മാടക്കത്തറ എച്ച്.വി.ഡി.സി സംവിധാനം.
പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാൻ ഹൈവോൾട്ടേജ് ഡയറക്‌ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. പദ്ധതിയിൽ 138 കിലോമീറ്റർ ഓവർഹെഡ് ലൈനും വടക്കാഞ്ചേരി മുതൽ മാടക്കത്തറവരെ 27 കിലോമീറ്റർ ഭൂഗർഭ കേബിളുമാണുള്ളത്. സ്ഥലം ഉടമകളുടെ എതിർപ്പിൽ ലൈൻ നിർമ്മാണം തടസപ്പെടുന്നത് ഒഴിവാക്കാൻ ഭൂമിക്ക് സ്‌പെഷ്യൽ പാക്കേജിലൂടെ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നാണ് വൈദ്യുതി വരുന്നത്. പദ്ധതിക്ക് പിന്നിൽ പ്രത്യേക കർമ്മസേന 2018 മേയിൽ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി പ്രത്യേക കർമ്മസേനയെ നിയോഗിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണ സാഹചര്യം പ്രയോജനപ്പെടുത്തി കുതിരാൻ തുരങ്കത്തിലുൾപ്പെടെ ദേശീയ പാതയുടെ പാർശ്വങ്ങളിൽ കേബിളുകൾ സ്ഥാപിക്കാനായത് നേട്ടമായി. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് റായ്ഗഡിൽ നിന്നും പുഗലൂർ വരെയുള്ള 800 കെ.വി ഡി.സി ലൈനിന്റെ തുടർച്ചയായി 320 കെ.വി.എച്ച്.വി.ഡി.സി ലൈൻ അനുവദിച്ചത്. ലൈൻ നിർമ്മാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് നടക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കൊപ്പം വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ വൈദ്യുതിയും പദ്ധതിയിലൂടെ ലഭ്യമാക്കും.
സംസ്ഥാനത്തിന് പ്രതിദിന ആവശ്യം - 3900- 4400 മെഗാവാട്ട്
ജലവൈദ്യുതി പദ്ധതികളിൽ നിന്നും- 1600 മെഗാവാട്ട്
പ്രസരണ നഷ്ടം - 450 മെഗാവാട്ട്