ബങ്കളം: ചെങ്കല്ലിൽ ദൃശ്യ ഭംഗിയുള്ള ശില്പങ്ങളും കൊത്തുപണികളും തീർക്കുന്ന മടിക്കൈ കൂട്ടുപ്പുന്ന കള്ളിപ്പാലയിലെ എം.വി രാജന് ലഭിച്ച ക്ഷേത്ര കലാ അക്കാഡമിയുടെ പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി. ക്ഷേത്രകലയിലെ മികവിനാണ് ഈ വർഷത്തെ അവാർഡ് എം.വി രാജനെ തേടിയെത്തിയത്.
ക്ഷേത്രങ്ങളുടെ ശ്രീകോവിലുകൾ, ക്ഷേത്ര കവാടങ്ങൾ, ക്ഷേത്ര ശില്പങ്ങൾ എന്നിവ ചെങ്കല്ലിൽ മനോഹരമായി കൊത്തിയെടുക്കുന്നതിൽ എം.വി രാജൻ പ്രത്യേകമായ വൈദഗ്ധ്യം തന്നെ നേടിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി ചെങ്കൽ ശില്പ നിർമ്മാണത്തിൽ മുഴുകിയിട്ടുള്ള രാജൻ ശ്രീകോവിൽ മാതൃകകൾ. പത്രങ്ങൾ, ഭരണികൾ, സ്തൂപങ്ങൾ, ആർച്ചുകൾ തുടങ്ങി നിരവധിയായവ തീർത്തിട്ടുണ്ട്.
വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിൽ രാജന്റെ കരസ്പർശം കൊണ്ട് തീർത്ത മനോഹര ശില്പങ്ങളുണ്ട്. ചെങ്കല്ലിൽ കൊത്തിയെടുക്കുന്ന രൂപങ്ങൾ യന്ത്രത്തിന്റെ സഹായത്തോടെയാണ് മിനുസപ്പെടുത്തി എടുക്കുന്നത്. ക്ഷേത്രങ്ങൾ, ഭവനങ്ങൾ എന്നിവ ദാരുശില്പത്തിൽ മനോഹരമാക്കിയിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരൻ. ആശയാണ് ഭാര്യ. അഭിരാജ്, അശ്വതി രാജ് എന്നിവർ മക്കളാണ്.