തലശ്ശേരി: അതിശയിപ്പിക്കുന്ന ഓർമ്മശക്തി, നിയമത്തിലും വിധികളിലും അഗാനപരിജ്ഞാനം, തലനാരിഴ കീറിയുള്ള വാദങ്ങൾ. എതിർഭാഗത്ത് ആരായാലും അഡ്വ. വി. ബാലൻ എന്ന തലശ്ശേരിയുടെ നിയമഗോപുരത്തിന് മുന്നിൽ ഒന്നുവിറക്കും. കോടതി മുറികളിൽ അഭിഭാഷകരെപ്പോലും അതിശയിപ്പിക്കുന്ന ബാലൻ വക്കീലിന്റെ അവതരണം ന്യായാധിപൻമാരെ പോലും വിസ്മയിപ്പിച്ച സന്ദർഭങ്ങളേറെയാണ്. ബാലൻ വക്കീലിന്റെ കേസാണെങ്കിൽ സ്വന്തം ജോലി പോലും മാറ്റിവെച്ച് ജൂനിയർ അഭിഭാഷകർ കൂട്ടമായെത്തുമായിരുന്നു.
മലബാറിൽ വലിയ അംഗീകാരം നേടിയെടുത്ത അഭിഭാഷക പ്രമുഖനാണ് ഇന്നലെ വിട പറഞ്ഞ അഡ്വ: വി.ബാലൻ. സിവിലിലും ക്രിമിനലും ഒരു പോലെ ശോഭിച്ച അപൂർവ്വം അഭിഭാഷകരിലൊരാൾ. രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്ത ബാലൻ വക്കീൽ എറണാകളത്തോ, ഡൽഹിയിലോ ആയിരുന്നെങ്കിൽ രാജ്യമറിയുന്ന അഭിഭാഷകനാകുമായിരുന്നുവെന്ന് തലശ്ശേരി ബാറിലെ അഭിഭാഷകർ പല വേദികളിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
നാൽപ്പാടി വാസുവധം, ധർമ്മടം ഇരട്ടക്കൊല, കാസർകോട് ഇബ്രാഹിം കൊലക്കേസ് തുടങ്ങി പ്രമാദമായ ഒട്ടേറെ കേസുകൾ ഇദ്ദേഹം വാദിച്ചിരുന്നു. ജസ്റ്റിസ് സുകുമാരനെതിരെ പിണറായി വിജയൻ നൽകിയ മാനനഷ്ടക്കേസ് വാദിച്ചതും കോഴിക്കോട് ഐസ് ക്രീം കേസിലും, മുൻ മന്ത്രി നീലലോഹിതദാസ് നാടാരുടെ കേസിലുമടക്കം കേരളം ഉറ്റുനോക്കിയ ഒട്ടേറെ കേസുകളിൽ ബാലൻ വക്കീൽ നിറഞ്ഞുനിന്നു. ഏറെക്കാലം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
ഒട്ടേറെ ശിഷ്യ സമ്പത്തും അദ്ദേഹത്തിനുണ്ട്. ജസ്റ്റിസ് ജ്യോതീന്ദ്രനാഥ്, മുൻ ഡി.ജി.പി അഡ്വ. ടി. ആസഫലി തുടങ്ങിയവർ ഇക്കൂട്ടത്തിലുൾപ്പെടും.
നന്നെ ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം വിദ്യാർത്ഥി ഫെഡറേഷനിലൂടെയാണ് പൊതുജീവിതമാരംഭിച്ചത്. ദീർഘകാലം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഒൻപത് മാസം തടവറയിലായിരുന്നു. പ്രശസ്തിയുടേയും, പദവിയുടേയും ഉന്നതങ്ങളിലെത്തിയപ്പോഴും, പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പക്ഷത്ത് ജീവിതാന്ത്യം വരെ നിലയുറപ്പിച്ചു.