mavo
മാവോയിസ്റ്റുകൾ

കൽപറ്റ: ഇന്നലെ വയനാട് ബാണാസുര വനമേഖലയിൽ മാവോയിസ്റ്റ് വേൽമുരുകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ. കഴിഞ്ഞ വർഷം വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒടുവിൽ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട് പ്രകാരം പൊലീസ് പ്രചരിപ്പിച്ച കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. ജലീൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ റിസോർട്ടിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്ന് മാനാജർ വ്യക്തമാക്കിയിരുന്നു. മജിസ്റ്റീരിയൽ അന്വേഷണം മാത്രം നടത്തി ഫോറൻസിക് പരിശോധന നടത്താതെയാണ് പൊലീസ് കാര്യങ്ങൾ നീക്കിയത്.

സമാനമായ സംഭവമാണ് ഇന്നലെ വേൽമുരുകന്റെ മരണത്തിലും സംഭവിച്ചതെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഏറ്റുമുട്ടൽ നടന്നു എന്നുപറയുന്ന സംഭവങ്ങളിലൊന്നും മറുഭാഗത്തുള്ള പൊലീസിന് പോറൽ പോലും സംഭവിക്കാത്തത് എന്തുകൊണ്ട് എന്നാണ് ചോദ്യം. ഇന്നലെ വേൽമുരുകൻ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയ തോക്കിലും ദുരൂഹതയുണ്ടെന്നാണ് പറയപ്പെടുന്നത്. സാധാരണ നിലയിൽ പൊലീസ് ഉപയോഗിക്കുന്ന 303 തോക്കാണ് കണ്ടെത്തിയിരുന്നത്. ഏ​റ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ ബാണാസുര വനത്തിൽ തണ്ടർബോൾട്ടിന്റെ കൂടുതൽ സേന നടത്തുന്നുണ്ട്. ബപ്പനം പാസ്‌കരൻമല വനത്തിൽ ഇന്നലെ രാവിലെ ഒമ്പതേ കാലോടെയായിരുന്നു പൊലീസ് പറയുന്ന ഏറ്റുമുട്ടൽ ഉണ്ടായത്.

കോയമ്പത്തൂരിൽ നിന്നും വൈകീട്ടോടെ എത്തിയ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതു വേൽമുരുകനാണെന്നു തിരിച്ചറിഞ്ഞത്. പെരിയകുളത്തെ സെന്തു-അണ്ണമ്മാൾ ദമ്പതികളുടെ മകനാണ് 32കാരനായ വേൽമരുകൻ. സി.പി.ഐ (മാവോയിസ്​റ്റ്) കബനി ദളത്തിലെ മുൻ അംഗമാണ് ഇയാൾ. കൊല്ലപ്പെട്ടതു വേൽമുരുകനാണെന്നു സംസ്ഥാന പൊലീസും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതിനു ശേഷമേ കൊല്ലപ്പെട്ട വ്യക്തിയെ സംബന്ധിച്ചു സ്ഥിരീകരണം ഉണ്ടാകൂവെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടതു സർക്കാരിന്റെ കാലത്ത് വെടിയേറ്റ് മരിക്കുന്ന മാവോയിസ്റ്റുകളിൽ ഒൻപതാമത്തെ ആളാണ് വേൽമുരുകൻ.

അട്ടപ്പാടി അഗളിയിൽ ഫോട്ടോഗ്രാഫറായ ബെന്നി പുഴയിൽ കുളിക്കുമ്പോൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചതാണ് ആദ്യ സംഭവം. തുടർന്ന് നിലമ്പൂർ വനത്തിൽ അജിത, കുപ്പുസാമി എന്നിവരും വൈത്തിരിയിൽ സി.പി. ജലീൽ, മഞ്ചക്കണ്ടിയിൽ കാർത്തി, അജിത, അരവിന്ദ്, മണിവാസകം എന്നീ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതും പൊലീസിന്റെ വെടിവെപ്പിലാണ്. ഒരു സംഭവത്തിലും പൊലീസിലെ ആർക്കും പരിക്കില്ല എന്നതാണ് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെതിരെ ചൂണ്ടിക്കാട്ടുന്ന ആരോപണം. ഏറ്റുമുട്ടൽ കെട്ടിച്ചമക്കുന്ന കഥകൾ മാത്രമാണെന്നാണ് ഇവരുടെ വാദം.

ഇന്നലത്തെ സംഭവത്തിൽ സായുധരായ ആറംഗ മാവോയിസ്​റ്റ് സംഘമാണു വെടിവച്ചതെന്നും ഇവരിൽ നിന്ന് റൈഫിളും ലഘുലേഖകളും പിടിച്ചെടുത്തതായും പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, വ്യാജ ഏ​റ്റുമുട്ടലാണു നടന്നതെന്നും ഏകപക്ഷീയമായി മാവോയിസ്​റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ആരോപിച്ചു മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.