enforsement

തലശ്ശേരി: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരിയിലും റെയ്ഡ്. ബിനീഷിന്റെ സുഹൃത്തും കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുമായ അനസ് വലിയപറമ്പത്തിന്റെ ധർമടം മീത്തലെ പീടികയിലെ വീട്ടിലാണ് ഇന്നലെ രാവിലെ ഇ.ഡി പരിശോധനയ്‌ക്കെത്തിയത്.

വീടിനകത്തും പരിസരങ്ങളിലും പരിശോധന നടത്തി. വീടിനു സമീപത്തു നിന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. ഇവ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

ഇ.ഡി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് മടങ്ങുകയായിരുന്നു. ബംഗളൂരുവിൽ നിന്നെത്തിയ ആറംഗ ഉദ്യോഗസ്ഥ സംഘം ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെയാണ് ധർമ്മടത്ത് പരിശോധനക്കെത്തിയത്. 2012 വരെ ബി. ക്കെ 55 എന്ന ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറാണ് അനസ്. ബിനീഷ് കോടിയേരിയുമായുള്ള ബന്ധത്തെത്തുടർന്ന് അനസിനെ ചോദ്യം ചെയ്തിരുന്നു.