oliv-ridli

കണ്ണൂർ : വംശനാശം സംഭവിക്കുന്ന കടലാമകളുടെയും കടൽ സസ്തനികളുടെയും സംരക്ഷണം ലക്ഷ്യമിട്ട് അഞ്ച് കോടിയുടെ പദ്ധതി തയ്യാറാകുന്നു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ)പദ്ധതിയ്ക്കായി രൂപരേഖ തയ്യാറാക്കുന്നത്. അമേരിക്കൻ സാങ്കേതിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മനപൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന യു.എസ് നിയമം ആവശ്യപ്പെടുന്നുണ്ട്. ഈ നിലപാട് കാട്ടിയുള്ള അമേരിക്കൻ അംഗീകാരപത്രം ഇല്ലെന്ന കാരണത്താൽ 2018 മുതൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി യു.എസ് നിരോധിച്ചിരിക്കുകയാണ്.

സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് കടൽ സസ്തനികളെയും കടലാമകളെയും ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ, പലവിധേനയുള്ള മനുഷ്യ ഇടപെടൽ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്ന സംഭവങ്ങൾ ഇന്ത്യൻ തീരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം, തീരദേശവികസനം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളാൽ കടലാമകൾ വംശനാശം നേരിടുകയാണെന്ന് സി. എം.എഫ്.ആർ. ഐ നേരത്തെ കണ്ടെത്തിയിരുന്നു.സമുദ്രോത്പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമാണുള്ളത്. യു.എസിലേക്ക് സമുദ്രോൽപ്പന്ന ഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നവർ, കടൽസസ്തനികളുടെ വംശസംഖ്യ,മത്സ്യബന്ധനത്തിനിടെ പിടിയിൽപെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് യു.എസ് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മുൻകാലങ്ങളിൽ വിവിധ വിഭാഗത്തിൽപെട്ട കടലാമകൾ മുട്ടയിടാൻ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ടവയെ മാത്രമാണ് കടലുകളിൽ കാണപ്പെടുന്നത്. നീലേശ്വരം തൈക്കടക്കപ്പുറം, പയ്യോളി കൊളാവിപാലം എന്നിവയാണ് ഇവയുടെ പ്രധാന കേന്ദ്രങ്ങൾ. മലബാറിലെ മറ്റു തീര ദേശങ്ങളിൽ ഇവയെത്തിയിരുന്നുവെങ്കിലും എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാസർകോട്ടെ ചെമ്പിരിക്ക,ചിറ്റാരി കടപ്പുറങ്ങളിലാണ് ഇവ ഏറ്റവും കൂടുതലായി മുട്ടയിടുന്നത്.


ഒലീവ് റിഡ്ലി

കടലാമകളിൽ ഏറ്റവും ചെറിയ ഇനമാണ് ഒലീവ് റിഡ്ലി . പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ സമുദ്രങ്ങളിൽ ഇവയെ കാണപ്പെടുന്നു.. വംശനാശ സാദ്ധ്യതയുള്ളതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രണ്ട് അടി നീളവും 50 കിലോ വരെ ഭാരവുമുണ്ട് ഇവയ്ക്ക്. ഒലീവ് നിറമാണ്. ജെല്ലി മത്സ്യം, കൊഞ്ച്, ഒച്ച് ,ഞണ്ട് എന്നിവയാണ് ഇവയുടെ ഭക്ഷണം.