കാസർകോട്: പുതുമുഖങ്ങളെ ഗോദയിൽ ഇറക്കി കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായി സി.പി.എം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണി ഘടക കക്ഷികളുമായി നടത്തി വരികയാണ് നേതാക്കൾ. തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നടന്ന ഘടകകക്ഷി നേതാക്കളുമായുള്ള മാരത്തോൺ ചർച്ച പൂർത്തിയായിട്ടില്ല.
പുതുതായി മുന്നണിയിലേക്ക് കടന്നുവന്ന എൽ.ജെ.ഡി, കേരള കോൺഗ്രസ് ജോസ് വിഭാഗം എന്നീ പാർട്ടികൾക്ക് ജില്ലാ പഞ്ചായത്തിലേക്ക് ഓരോ സീറ്റ് നൽകുന്ന വിഷയമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഈസ്റ്റ് ഏളേരിയിലെ ഡി.ഡി.എഫിന് സീറ്റ് നൽകുന്നതും സജീവ പരിഗണനയിലാണ്. പുനർവിഭജനം നടത്തിയിട്ടില്ലാത്തതിനാൽ മുമ്പുള്ള അതേ ഡിവിഷനുകളിൽ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പ്.
മടിക്കൈ ഡിവിഷനിൽ സി.പി.എമ്മിന്റെ പ്രമുഖ വനിതാ നേതാവും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ബേബി ബാലകൃഷ്ണനെ രംഗത്തിറക്കിയേക്കും. ചെറുവത്തൂരിൽ പി.സി. സുബൈദക്ക് പകരം സി.പി.എം ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, മുൻ സെക്രട്ടറി കെ.പി വത്സലൻ എന്നിവരിൽ ഒരാളെയാണ് പരിഗണിക്കുന്നതെന്നറിയുന്നു. ദേലമ്പാടിയിൽ അഡ്വ. എ.പി ഉഷക്ക് ഒരവസരം കൂടി സി.പി.എം നൽകിയേക്കും. കള്ളാറിൽ ഇ. പത്മാവതിക്ക് പകരം പുതുമുഖത്തെ രംഗത്തിറക്കാനാണ് ആലോചന. പെരിയ ഡിവിഷനിലും പുതുമുഖമായിരിക്കും. ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷനിരയെ സജീവമാക്കിയിരുന്ന ഡോ. വി.പി.പി മുസ്തഫ ഇത്തവണ മത്സര രംഗത്തുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും സൂചനയുണ്ട്.
മുസ്തഫ ജയിച്ച പെരിയ ഡിവിഷൻ ഇക്കുറി സ്ത്രീ സംവരണവുമാണ്. യു.ഡി.എഫിൽ നിന്ന് ചിറ്റാരിക്കൽ ഡിവിഷൻ കേരള കോൺഗ്രസിന്റെ സഹായത്തോടെയും പിലിക്കോട് എൽ.ജെ.ഡി സഹായത്തോടെ പിടിച്ചെടുക്കുകയും ചെയ്താൽ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം കൈകളിലെത്തുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
ചിറ്റാരിക്കലിൽ പ്രചാരണം തുടങ്ങി
ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിൽ ഡി.ഡി.എഫ്, അഡ്വ. വേണുഗോപാലനെ സ്ഥാനാർത്ഥിയാക്കി ചിറ്റാരിക്കൽ ഡിവിഷനിൽ പ്രചരണം തുടങ്ങി കഴിഞ്ഞു. 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ശാന്തമ്മ ഫിലിപ്പ് ഇവിടെ കഴിഞ്ഞതവണ ജയിച്ചത്. യു.ഡി.എഫിനെ ഇക്കുറി വീഴ്ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.ഡി.എഫ് നേതൃത്വം ഉള്ളത്.