കണ്ണൂർ: ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളെ കൊണ്ടുപോയ വാഹനം അണുവിമുക്തമാക്കാതെ മറ്റ് രോഗികളെയും കൊണ്ടുപോകുന്നതായി പരാതി. നിലവിൽ ആശുപത്രിയിൽ നാല് ആംബുലൻസുകളുണ്ട്. എന്നാൽ ഇതിൽ ഓടുന്നത് ഒന്നു മാത്രം. ബാക്കി മൂന്നും കട്ടപുറത്താണ്.

പി.കെ.ശ്രീമതി എം.പിയായിരുന്ന കാലത്ത് അനുവദിച്ച ജീവൻ രക്ഷാ വാഹനം മാത്രമാണ് ഓടുന്നത്. ഈ വാഹനം കൊവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നുണ്ടെന്നും, തിരിച്ചെത്തിയാൽ അണുവിമുക്തമാക്കാൻ ചില ഡ്രൈവർമാർ തയ്യാറാകുന്നില്ലെന്നും മറ്റ് രോഗികൾ പറയുന്നു. ഈ വാഹനത്തിലാണ് നവജാത ശിശുക്കളുൾപ്പെടെയുള്ള രോഗികളെ വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതെന്നും ആരോപണമുണ്ട്. അടുത്ത കാലത്ത് സർവ്വീസ് ഫിറ്റ്നസ് ആയ ഐഷർ വാഹനത്തിന്റെ സീറ്റുകൾ തന്നെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വെന്റിലേറ്ററോടുകൂടിയ വാഹനത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

എയർകണ്ടീഷനിൽ സൂക്ഷിക്കേണ്ട വെന്റിലേഷൻ സൗകര്യങ്ങൾ വാഹനം പൊരിവെയിലത്തിട്ടതോടെ നശിച്ചു. ആ വാഹനവും ഇപ്പോൾ സാധാരണ വണ്ടി പോലെയായി. ഈ വാഹനം പാർക്ക് ചെയ്യാൻ ഷെഡ് ഉണ്ടെങ്കിലും ചില ഡോക്ടർമാരുടെ വാഹനം കയറ്റിയിടാൻ വേണ്ടി ആംബുലൻസ് പൊരിവെയിലത്തിടുകയാണെന്ന് ജീവനക്കാർ തന്നെ ആരോപിക്കുന്നു.