തൃക്കരിപ്പൂർ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനാ മത്സരത്തിന്റെ ഭാഗമായി പുസ്തക പരിചയം സംഘടിപ്പിക്കുന്നു. യു.പി, വനിത, മുതിർന്നവർ വിഭാഗങ്ങൾക്കായുള്ള മത്സരത്തിലേക്ക് നിശ്ചയിക്കപ്പെട്ട 26 പുസ്തകങ്ങളെയാണ് വായനക്കാർക്കായി പരിചയപ്പെടുത്തുക. ഇതിന്റെ ഉദ്ഘാടനം ടാഗോറിന്റെ 'ചതുരംഗം' എന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തി എഴുത്തുകാരൻ വാസു ചോറോട് നിർവഹിക്കും.

ഗ്രന്ഥശാല, മേഖല, ജില്ലാതലങ്ങളിലാണ് മത്സരം. പ്രാഥമിക ഘട്ടത്തിൽ ഗ്രന്ഥശാലാ തല മത്സരം ഡിസംബർ 6 ന് ജില്ലയിലെ മുന്നൂറ്റമ്പതോളം ഗ്രന്ഥാലയങ്ങളിൽ നടക്കും. അതിന് മുന്നോടിയായി നവംബർ 7 ന് ഗ്രന്ഥശാലാ സെക്രട്ടറിമാരുടെ ഓൺലൈൻ യോഗം ചേരും. ജില്ലാ ലൈബ്രറി കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പി.വി.കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ സംസാരിച്ചു. അക്കാഡമിക് കൗൺസിൽ യോഗത്തിൽ പി. ദിലീപ് കുമാർ, സി.പി ശുഭ, കെ.വി സജീവൻ, പി. വേണുഗോപാലൻ, പി. രാമചന്ദ്രൻ, ജി. അംബുജാക്ഷൻ, ഡോ. വിനോദ് കുമാർ പെരുമ്പള സംസാരിച്ചു.