കണ്ണൂർ: ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. തലശ്ശേരി താലൂക്കിലെ പടുവിലായി സ്മാർട്ട് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്കിലെ കേളകം വില്ലേജ് ഓഫീസിനോടനുബന്ധിച്ച് നിർമിച്ച സ്റ്റാഫ് ക്വാട്ടേഴ്സ് എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനവും കണ്ണൂർ താലൂക്കിലെ മുണ്ടേരി, ഇരിട്ടി താലൂക്കിലെ മണത്തണ, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, പയ്യന്നൂർ താലൂക്കിലെ കുഞ്ഞിമംഗലം എന്നീ വില്ലേജ് ഓഫീസുകൾക്കായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
പടുവിലായി വില്ലേജിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുഞ്ഞിമംഗലത്ത് ടി.വി രാജേഷ് എം.എൽ.എയും മണത്തണ വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നയും മുണ്ടേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷനും, ചുഴലിയിൽ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരിയും ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ലയുടെ വിവിധയിടങ്ങളിലായി നടന്ന പരിപാടിയിൽ കെ. സുധാകരൻ എം.പി, എ.ഡി.എം ഇ.പി മേഴ്സി എന്നിവർ പ്രസംഗിച്ചു.