മാഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള തലശ്ശേരി കോട്ടയ്ക്കടുത്ത സെന്റ് ജോൺസ് ഇംഗ്ലീഷ് പള്ളിയുടെ ആർച്ച് രൂപത്തിലുള്ള വാസ്തുശിൽപ്പ ഭംഗിയാർന്ന വാതിൽ, മയ്യഴിയിലെ ഒരു സ്വകാര്യ ചരിത്ര മ്യൂസിയത്തിന്റെ പുറംവാതിലാണിന്ന്. ചരിത്രത്തിന്റെയും, സംസ്‌ക്കാരത്തിന്റെയും വാതായനമായി ഇത് മാറിയിരിക്കുന്നു. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ 'മീന നിവാസിൽ' അഡ്വ. ടി. അശോക് കുമാറിന്റെ വീടിനോട് ചേർന്നുള്ള വിശാലമായ ചരിത്ര മ്യൂസിയം, ദേശവിദേശ അപൂർവ്വതകളുടെ അക്ഷയഖനിയാണിന്ന്.

തഞ്ചാവൂരിലെ ഗോൾഡൻ കാർവിംഗ്, ആഫ്രിക്കൻ വാദ്യോപകരണങ്ങൾ, കുതിരവണ്ടിയുടെ അമേരിക്കൻ നിർമ്മിത ബെല്ല്, ഹോളണ്ടിലെ ഇസ്ത്തിരിപ്പെട്ടി, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ്, രണ്ട് ദശകങ്ങളായി മയ്യഴിയിൽ നിന്ന് അപ്രത്യക്ഷമായ മാഹി ടാക്കീസിലെ പഴക്കമേറിയ ഫിലിം പ്രൊജക്ടർ, മുണ്ടോക്കിലുണ്ടായിരുന്ന മത്തി കമ്പനിയിലെ മീനെണ്ണ ഉണ്ടാക്കുന്ന മത്തി പ്രസ് യന്ത്രം, 1920 കളിലെ പലതരം ദേശവിദേശ കാമറകൾ, നാടുവാഴികളുടെ മഞ്ചൽ, ഫ്രഞ്ച് മേയർ സഹദേവൻ വക്കീലിന്റെ വീട്ടിലുണ്ടായിരുന്ന വാൾ, ഉറുമി, പലതരം കത്തികൾ, പല കാലഘട്ടങ്ങളിലെ ടെലിഫോണുകൾ, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നാണയങ്ങൾ, താളിയോലകളിൽ എഴുതപ്പെട്ട മഹാഭാരതം, എഴുത്താണികൾ, കപ്പലിൽ ഉപയോഗിക്കുന്ന ശബ്ദമേറിയ ഹോൺ, ആദ്യകാല സൈക്ലോസ്റ്റൈൽ യന്ത്രം, ആദ്യത്തെ ടൈപ്പ് റൈറ്ററുകൾ, വാൾവ് റേഡിയോകൾ, നൈസാമിന്റെ കാലത്തെ അളവ് പാത്രങ്ങൾ, സമോവറുകൾക്കും മുമ്പ് കരി ഉപയോഗിച്ച് വെള്ളം ചൂടാക്കുന്ന പാത്രം, പഴക്കമേറിയ ഇറച്ചി സംസ്‌ക്കരണ യന്ത്രം, പഴയ റെയിൽവേ റാന്തൽ, ആദ്യകാല ആകാശവാണിയുടെ റെക്കാർഡ് പ്ലെയർ തുടങ്ങി നൂറുകണക്കിന് കൗതുകമൂറും ചരിത്ര വസ്തുക്കളുടെ കേദാരമാണ് ഈ മ്യൂസിയം.

പുതുതലമുറക്ക് പ്രത്യേകിച്ച് മയ്യഴിയുടെ ഗതകാല ചരിത്രമറിയാനുള്ള നേർസാക്ഷ്യമായി മ്യൂസിയത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ അഭിഭാഷകൻ കൂടിയായ ഈ ചരിത്രാന്വേഷി. രാജ്യത്തും വിദേശത്തുമായി എവിടെ സഞ്ചരിച്ചാലും, കൗതുകവസ്തുക്കളുടെ ശേഖരണം ഈ അഭിഭാഷകന് ഹരമാണ്.