prakashan
നാണിക്കൽ പ്രകാശൻ

കണ്ണൂർ: ജീവന് ഭീഷണി ഉയർത്തുന്ന കടന്നൽ കൂടുകളെ നശിപ്പിക്കാൻ പ്രത്യേക വൈദഗ്ധ്യമാണ് പഴയങ്ങാടി അടുത്തില സ്വദേശി നാണിക്കൽ പ്രകാശന്. കടന്നൽ കൂടുള്ള സ്ഥലങ്ങളിലെത്തി കൂട് പാടെ നശിപ്പിച്ചു കളയുകയാണ് പ്രകാശൻ. ഇന്നലെ വെങ്ങരയിലെ വി.വി.രതീഷിന്റെ വീട്ടിൽ അപകടകരമായ രീതിയിൽ നിന്ന കടന്നൽ കൂട് കൂടി ഇല്ലാതാക്കിയപ്പോൾ 1064ാമത്തെതായി ഇത്.

വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് പ്രകാശന്റെ ദൗത്യം. നശിപ്പിക്കുന്നത് കടന്നൽ കൂട് തന്നെയാകണമെന്ന കർശന നിബന്ധനയോടെയാണ് ഈ അനുമതി. കടന്നൽ കൂടിനു പകരം തേനീച്ച കൂടായാൽ അത് നിയമവിരുദ്ധമാകും.

കടന്നൽ കൂട്ടങ്ങൾ എവിടെ പ്രശ്നമുണ്ടാക്കിയാലും പൊലീസും ഫയർഫോഴ്സും ആദ്യം വിളിക്കുന്നത് പ്രകാശനെയാകും. മരം വെട്ട് തൊഴിലാളിയായ പ്രകാശന് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റതോടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. കൂടുകൾ നശിപ്പിക്കുന്നതിനിടിൽ നാലഞ്ച് പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. പരിയാരം ഏമ്പേറ്റിൽ നിന്നും കുത്തേറ്റ് രണ്ട് പ്രാവശ്യം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിട്ടുമുണ്ട്. കടന്നൽ കുത്തേറ്റ് നിരവധി പേർ മരിക്കുമ്പോൾ ഈ സാഹസികതയെ വീട്ടുകാർ എതിർക്കാറുണ്ട്. എന്നാൽ സഹായം തേടി വിളിയെത്തിയാൽ വീട്ടുകാർ തടഞ്ഞാലും പ്രകാശൻ പോകും.

കഴിഞ്ഞദിവസം ഏഴിലോട് ക്വാറന്റൈനിൽ കഴിയുന്ന ആളുകളെ നോക്കാൻ പോയ പൊലീസുകാരനടക്കം അഞ്ചുപേരെ കടന്നൽ കുത്തി. കുത്തേറ്റവരെയെല്ലാം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചു. പ്രകാശൻ സ്ഥലത്തെത്തിയാണ് കൂട് നശിപ്പിച്ച് കടന്നലുകളെ തുരത്തിയത്.

വെങ്ങര, മാട്ടൂൽ, ഏഴോം, മാടായി, കണ്ണപുരം, ചെറുകുന്ന്, പയ്യന്നൂർ എന്നിവിടങ്ങളിലെല്ലാം പ്രകാശൻ രക്ഷകനായി എത്തിയിട്ടുണ്ട്.പരേതനായ നടക്കൽ ദാമോദരന്റെയും നാണിയിൽ നാരായണിയുടെയും മകനാണ് പ്രകാശൻ.

നശിപ്പിക്കൽ രാത്രി മാത്രം
പകൽസമയങ്ങളിൽ കൂടിന് ചുറ്റിലും കടന്നലുകൾ പറന്നുനടക്കും. ഈ സമയത്ത് അടുത്തുചെല്ലാൻ പ്രയാസമാണ്. രാത്രിയിൽ തീയിട്ടോ ഫയർഫോഴ്സിന്റെ പ്രത്യേക സംവിധാനമുപയോഗിച്ച് സ്പ്രേ ചെയ്തോ ആണ് കൂട് നശിപ്പിക്കുന്നത്. ജാക്കറ്റും ഗ്ലൗസും ഹെൽമെറ്റുമൊക്കെ ഇതിനായി ധരിക്കേണ്ടിവരും.

പെരുകിയത് പ്രളയത്തിന് ശേഷം

പ്രളയത്തിന് ശേഷമാണ് കടന്നൽ കൂടുകൾ പല സ്ഥലങ്ങളിലും വ്യാപകമാകുന്നത്. കൂട്ടത്തിൽ ചാമുണ്ടി കടന്നൽ അല്ലെങ്കിൽ ഭൂതപ്പാനി എന്ന പേരിൽ അറിയപ്പെടുന്ന വലുപ്പമേറിയവയാണ് കൂടുതൽ അപകടകാരി. സാധാരണ കടന്നലുകളെക്കാൾ പത്തിരട്ടി വിഷമുള്ളവയാണ് ഭൂതപ്പാനി. വലിയ കുടത്തിന്റെ ആകൃതിയിൽ കൂട് കെട്ടുന്നതിനാലാണ് ഭൂതപ്പാനി എന്ന് വിളിക്കുന്നത്. കാലവർഷം കനക്കുന്നതോടെ ഇവ വീടിനു മുകളിലും തെങ്ങിന്റെ മുകളിലുമൊക്കെ കൂടുണ്ടാക്കും.