നീലേശ്വരം: കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ലാൻഡ് അക്വിസിഷൻ വിഭാഗമാണ് കഴിഞ്ഞ രണ്ട് ദിവസമായി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ കിഴക്ക് ഭാഗത്ത് നിന്ന് താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് വേണ്ടി സ്ഥലം വിട്ടു കൊടുക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. 119 ഓളം കുടുംബങ്ങളുടെ 2.33 ഏക്കർ സ്ഥലമാണ് അളന്ന് തിട്ടപ്പെടുത്തിയത്.
ഇപ്പോൾ റോഡിനിരുവശമുള്ള സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള മൊത്തം സ്ഥലമാണ് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പ് പൊതുമരാമത്ത് റോഡ്സ് വിഭാഗം റോഡ് വീതി കൂട്ടാൻ വേണ്ടുന്ന 15 മീറ്റർ അളന്ന് കല്ലിട്ടിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ റവന്യു വകുപ്പ് ലാൻഡ് അക്വിസിഷൻ വിഭാഗം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇനി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്ന് റോഡിന് വേണ്ടി വരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തും. അളന്ന് തിട്ടപ്പെടുത്തി വിട്ടു കൊടുക്കുന്ന സ്ഥലത്തിന്റെ വിലയാണ് സ്വകാര്യ വ്യക്തികൾക്ക് ലഭിക്കുക.
റോഡിന് വേണ്ടി സ്ഥലം വിട്ടു കൊടുക്കാൻ ആദ്യമേ തന്നെ സ്വകാര്യ വ്യക്തികൾ തയ്യാറായിരുന്നു.
നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ 42 കോടി രൂപ കിഫ്ബി പദ്ധയിലൂടെ വകയിരുത്തിയിരുന്നു. നഷ്ടപരിഹാരം നൽകാൻ 8 കോടി രൂപയും വകയിരുത്തിയിരുന്നു.