കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യത്യസ്ത സംഘടനകൾ നടത്തിയ സമരങ്ങൾക്ക് സാക്ഷിയായിരുന്നു ഇന്നലെ കളക്ടറേറ്റ് കവാടം. പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത, പെൻഷൻ പരിഷ്‌കരണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് സർവ്വീസസ് പെൻഷനേഴ്‌സ് അസോസിയേഷൻ , മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നവശ്യപ്പെട്ട് കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ നടത്തിയ ഏകദിന ഉപവാസം, കോഓപ്പ് ബാങ്ക് ഡെപ്പോസിറ്റ് കലക്ഷൻ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സമരം,എസ്.ടി.യു ധർണ , ഐ.എൻ.ടിയു.സി കണ്ണൂർ കോർപ്പറേഷൻ കമ്മറ്റിയുടെ സമരം എന്നിവയെല്ലാം നടന്നത് കളക്ടറേറ്റ് പടിക്കലായിരുന്നു.

ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത നടത്തിയ സമരം കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. സർവ്വീസസ് പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ ബ്ലോക്ക് കമ്മറ്റി നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം .പി വേലായുധനാണ് ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ നടത്തിയ ഏകദിന ഉപവാസം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ. അബ്ദുൾ ഖാദർ മൗലവിയും കോഓപ്പ് ബാങ്ക് ഡെപ്പോസിറ്റ് കലക്ഷൻ അസോസിയേഷൻ നടത്തിയ സമരം ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സമരം വി. കെ .അബ്ദുൾഖാദർ മൗലവി തന്നെ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടിയു.സി കണ്ണൂർ കോർപ്പറേഷൻ കമ്മറ്റി സമരം ഡി.സി.സി സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചിത ആളുകൾ മാത്രമാണ് പങ്കെടുത്തതെങ്കിലും കൂടുതൽ സംഘടനകളുടെ സമരം വന്നതോടെ ആൾക്കൂട്ടത്തിന്റെ പ്രതീതിയിലായിരുന്നു കളക്ടറേറ്റ് പരിസരം.