agc

കാസർകോട്: ജില്ലാ പഞ്ചായത്തിൽ ജയിച്ചു കയറിയ ജനറൽ സീറ്റുകളെല്ലാം വനിതകൾ അടിച്ചെടുത്തു കൊണ്ടുപോയതോടെ യു.ഡി.എഫ് ശരിക്കും വെട്ടിലായി. കഴിഞ്ഞ തവണ മത്സരിച്ച 'സ്റ്റാറ്റസ്‌കോ' നിലനിർത്താൻ മുന്നണിയിൽ ധാരണയായെങ്കിലും ജയസാദ്ധ്യതയുള്ള വനിതകളെ കണ്ടെത്തൽ തലവേദനയാണ്. 20 വർഷമായി ജില്ലയിലെ തദ്ദേശഭരണ സംവിധാനത്തിന്റെ അദ്ധ്യക്ഷ പദവി വഹിച്ച മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി തൃക്കരിപ്പൂരിൽ നിന്നുള്ള എ.ജി.സി ബഷീർ ത്രിതല പഞ്ചായത്ത് സംവിധാനത്തോട് 'ഗുഡ്‌ബൈ' പറയുകയാണ്.

കളംമാറി ചവിട്ടുന്ന അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പാകും ഇനി ലക്ഷ്യംവെക്കുക. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി 20 വർഷം ഭരണത്തിലായിരുന്നു ബഷീർ. അതിനു പുറമെ കഴിഞ്ഞ തവണ ബഷീർ മത്സരിച്ചിരുന്ന കുമ്പള ഡിവിഷൻ ഇത്തവണ സ്ത്രീ സംവരണമാവുകയും ചെയ്തു. ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റിൽ മുസ്ലിംലീഗും എട്ട് സീറ്റിൽ കോൺഗ്രസും ആണ് മത്സരിക്കുക. മടിക്കൈ ഡിവിഷൻ സി.എം.പിക്ക് നൽകാനാണ് ധാരണ.

ഷാനവാസ് പാദൂർ വിജയിച്ച ഉദുമയും ഹർഷാദ് വോർക്കാടി വിജയിച്ച വോർക്കാടി ഡിവിഷനും വനിതാ സംവരണമായത് കോൺഗ്രസിൽ ജനറൽ വിഭാഗത്തിൽ മത്സരിക്കാൻ അവസരം കാത്തുകഴിഞ്ഞ നേതാക്കൾക്ക് തിരിച്ചടിയായി. ബഷീറിന് പിന്നാലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പും മത്സരരംഗത്തുണ്ടാകില്ല. അവർ ജയിച്ച ചിറ്റാരിക്കാൽ ഡിവിഷൻ ജനറൽ സീറ്റായി മാറി. ലീഗ് ജയിച്ച ചെങ്കള, മഞ്ചേശ്വരം ഡിവിഷനുകൾ മാത്രമാണ് ജനറൽ സീറ്റുള്ളത്. കഴിഞ്ഞ മൂന്ന് ജില്ലാ പഞ്ചായത്തുകളിലും അംഗമായിരുന്ന ഫരീദ ഫക്കീർ ആയിരിക്കും മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനാർഥി എന്നാണ് സൂചന.

ബഷീറിന് പകരം കുമ്പള ഡിവിഷനിൽ നിന്ന് ഫരീദ ജനവിധി തേടും. ദേലമ്പാടി ഡിവിഷനിൽ നിന്നും ഉദുമയിലെ കാപ്പിൽ മുഹമ്മദ് പാഷയെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. സി.പി.എമ്മിലെ ഇ. പത്മാവതി ജയിച്ച കള്ളാർ ഡിവിഷൻ ഇത്തവണ നല്ല സ്ഥാനാർത്ഥിയെ രംഗത്തിറക്കി തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. കോൺഗ്രസ് ജയിച്ചിരുന്ന പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡി കൂടെയില്ലാത്തതിനാൽ ടൈറ്റ് ഫൈറ്റ് ആയിരിക്കുമെന്ന് വിലയിരുത്തുന്നു. മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, എടനീർ, ദേലമ്പാടി, ചെറുവത്തൂർ, പെരിയ ഡിവിഷനുകളിലാണ് ലീഗ് മത്സരിക്കുക. വോർക്കാടി, പുത്തിഗെ, ഉദുമ , ബേഡകം, കള്ളാർ, പിലിക്കോട്, ചിറ്റാരിക്കൽ, കരിന്തളം എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും. പെരിയ കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനെ കുറിച്ചും ലീഗിൽ ചർച്ചകൾ നടക്കുന്നുണ്ട്.