പിലിക്കോട്: അസുഖബാധിതരായ കുടുംബത്തെ കൊവിഡ് പരിശോധനക്കെത്തിക്കാൻ

ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചന്തേര ജനമൈത്രി പൊലീസും. പിലിക്കോട് മടിവയലിൽ കുടുംബത്തിലെ കൊവിഡ് ബാധിതന് പരിശോധന നടത്താൻ വേണ്ടിയാണ് ജനമൈത്രി പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തിയത്. ഇവരുടെ വീട്ടിലേക്ക് വാഹനം എത്തിച്ചേരാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

ഇവർക്ക് ആശുപത്രിയിൽ എത്താൻ രണ്ടുപേരുടെ സഹായം വേണമെന്ന് പറഞ്ഞ് ഇവരുടെ ബന്ധുവായ വനിതാ പൊലീസ് ഉദ്യോഗസ്ഥ ജനമൈത്രി ബീറ്റ് ഓഫീസർ കെ.വി പ്രദീപനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെയും വാർഡ് മെമ്പർ വിപഞ്ചികയുടെ ശ്രദ്ധയിൽ പെടുത്തി. കാര്യം അറിഞ്ഞപ്പോൾ വ്യക്തിപരമായ എല്ലാ തിരക്കുകളും മാറ്റിവച്ച് യുവാക്കൾ പി.പി.ഇ.കിറ്റും ധരിച്ച് സഹായ സന്നദ്ധരായി.

ഡി.വൈ.എഫ്.ഐ മടിവയൽ യൂണിറ്റ് സെക്രട്ടറിയും പിലിക്കോട് വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവുമായ കെ. സംഗീതും സി.പി.എം മടിവയൽ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ കാനായി രാജേഷും പി.പി.ഇ കിറ്റ് ധരിച്ച് ഇറങ്ങുകയായിരുന്നു. മധ്യവയസ്കനെ കസേരയിൽ ഇരുത്തി വാഹനത്തിലേക്ക് കയറ്റി കാലിക്കടവിൽ എത്തിച്ച് ടെസ്റ്റ് നടത്തിയ ശേഷം കാഞ്ഞങ്ങാട് ഹോസ്പ്പിറ്റലിലേക്കും എത്തിച്ചു. ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി പ്രദീപൻ, സുരേശൻ കാനം, പൊതുപ്രവർത്തകൻ യു.സോമൻ എന്നിവരും ഇവർക്ക് സഹായവുമായി നിന്നു.