പയ്യന്നൂർ: നഗരസഭയുടെ 30ാം വർഷത്തിൽ അത്യുത്തരകേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിലെ വികസനം എടുത്തുപറഞ്ഞാണ് ഇടതുമുന്നണി ഇക്കുറി തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനെ എതിരേൽക്കുന്നത്. നഗരശുചിത്വവും നല്ല റോഡുകളും മികച്ച കുടിവെള്ളസൗകര്യങ്ങളും മറ്റ് വികസന പദ്ധതികളും കൂടി വിലയിരുത്തുമ്പോൾ പയ്യന്നൂർ നഗരസഭ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കാഴ്ചവെച്ചത് അഭൂതപൂർവ്വമായ വികസനമാണെന്ന് ഭരണപക്ഷം എടുത്തുപറയുന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രമുറങ്ങുന്ന പയ്യന്നൂർ നഗരസഭ ഇതുവരെ ഭരിച്ചത് ഇടതുപക്ഷം മാത്രമാണ്.
നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ എത്തിപ്പെടുന്ന മൂരിക്കൊവ്വൽ മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലൂടെ ഒരു കാലത്ത് മൂക്ക് പൊത്താതെ നടക്കാൻ പറ്റാതിരുന്ന കാലം ഇന്ന് ഒരു ഓർമ്മമാത്രമാണ്. സംസ്കരണ കേന്ദ്രം നവീകരിച്ചും മണ്ണിര കമ്പോസ്റ്റ് പ്രവർത്തിപ്പിച്ചും ജൈവ മാലിന്യങ്ങൾ വളമാക്കി. അജൈവ മാലിന്യ സംസ്കരണത്തിന് രണ്ട് ഷ്രഡിംഗ് യൂനിറ്റും ബെയ്ലിംഗ് മെഷീനും സ്ഥാപിച്ചു. മൂരിക്കൊവ്വലിൽ നഗരസഭ പണി കഴിപ്പിച്ച രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകൾ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുകയുണ്ടായി. ഗ്യാസ് ക്രിമിറ്റോറിയം നിർമ്മാണം പൂർത്തിയായി. നഗരത്തിലെ പ്രധാന റോഡുകൾക്ക് പരമാവധി വീതി കൂട്ടാൻ കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടുന്ന നേട്ടമാണ്. പ്രത്യേകിച്ചും പഴയ ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ റോഡ്. സെന്റ് മേരീസ് സ്‌കൂളിന് സമീപവും മറ്റും റോഡിന് വീതി വന്നതോടുകൂടി റെയിൽവേ സ്റ്റേഷൻ, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നേരെ ടൗണിലേക്ക് പ്രവേശിക്കാനായത് ഈ ഭാഗങ്ങളിലെ വ്യാപാരമേഖലയ്ക്കും ഉണർവേകുന്നതായി. 1,80,000 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് 2240 പേർക്ക് കുടിവെള്ള കണക്ഷൻ നൽകി.
നേട്ടങ്ങളുടെ പട്ടിക
പി.എം.എ.വൈ -ലൈഫ് പദ്ധതിയിൽ പൂർത്തിയായത് 507
കറവപശുക്കൾക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റ .
ഉന്നത വിജയം നേടിയ കുട്ടികൾക്ക് മാർഗദർശി ക്ലാസ്സുകൾ.
പൊതു വിദ്യാലയങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടം
ആധുനിക രീതിയിലുള്ള സ്റ്റേഡിയം
11.5 കോടി രൂപ ചെലവിൽ തീയറ്റർ കോംപ്ലക്സ് നിർമ്മാണം
പ്രതീക്ഷയ്ക്കൊത്ത് മികവ് കാട്ടിയില്ല. പയ്യന്നൂരിലെ മുഖ്യവിഷയമായ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം, നാരങ്ങാതോട്, പെരുമ്പ ചെറിയതോട് മാലിന്യപ്രശ്നം എന്നിവയ്ക്ക് ഇതുവരേയും പരിഹാരം ഉണ്ടായില്ല. വർഷം തോറും ബഡ്ജറ്റിൽ കോടികൾ ഇതിനായി വകയിരുത്താറുണ്ടെങ്കിലും പിന്നീട് ഒന്നും നടക്കാറില്ല.
- കെ. ജയരാജ്, പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
സാധാരണ മനുഷ്യരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾ മെച്ചപ്പെടുത്താനും വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ പ്രാവർത്തികമാക്കാനും കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വിസ്തൃതമായ നഗരസഭ പ്രദേശങ്ങളിൽ ഒന്നായ പയ്യന്നൂരിൽ വികസന രംഗത്ത് സംസ്ഥാന സർക്കാറിന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്'-. അഡ്വ: ശശി വട്ടക്കൊവ്വൽ ചെയർമാൻ, പയ്യന്നൂർ നഗരസഭ.