തളിപ്പറമ്പ് : സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയാണ് ആന്തൂർ.പുതിയ നഗരസഭയായതിനാൽ ഒന്നിൽ നിന്നും തുടങ്ങിയതാണ്.തുടക്കത്തിലുണ്ടായ പ്രതിസന്ധികൾ തരണംചെയ്ത് കാലാവധി പൂർത്തീകരിക്കുമ്പോൾ ഇന്ന് സംസ്ഥാനത്തെ മികച്ച നഗരസഭയാണ് ആന്തൂർ . അഞ്ചുവർഷത്തിനിടെ നിരവധി അംഗീകാരങ്ങൾ നഗരസഭയെ തേടിയെത്തി.
ജനക്ഷേമകരമായ വികസന പദ്ധതികൾ ജനകീയ കൂട്ടായ്മയിലൂടെ ഫലപ്രദമായി നിർവഹിക്കാൻ പി .കെ. ശ്യാമള ചെയർപേഴ്സണും കെ.ഷാജു വൈസ് ചെയർമാനുമായ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
50 ഹെക്ടർ തരിശ് നിലം കൃഷിചെയ്തു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 560 ഏക്കർ സ്ഥലത്ത് കൃഷിയിറക്കി. നെൽകൃഷി വികസനത്തിന് രണ്ടര കോടി രൂപയും പച്ചക്കറി കൃഷിക്ക് 80 ലക്ഷം രൂപയും ചെലവഴിച്ചു. തെങ്ങിന് ജൈവവളം 40 ലക്ഷം രൂപ ചെലവഴിച്ചു. ജലസംരക്ഷണവും കാർഷിക രംഗത്തെ അഭിവൃദ്ധിയും ലക്ഷ്യമിട്ട് 8 നീർത്തടങ്ങൾക്ക് മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിച്ചു. മോറാഴ നീർത്തടത്തിന് ഫണ്ട് അനുവദിച്ചു. എ.കെ.ജി ഐലന്റിൽ 500 തെങ്ങിൻ തൈ നട്ട് പിടിപ്പിച്ചു.. കടമ്പേരി വനിതാ വ്യവസായ യൂണിറ്റ് വികസിപ്പിച്ച് ചകിരി യൂണിറ്റ് തുടങ്ങി.
ഹരിത കേരള മിഷനുമായി ചേർന്ന് ആരോഗ്യ കേരളത്തിന് ക്ലീൻ ആന്തൂർ ഗ്രീൻ ആന്തൂർ എന്ന ബൃഹത്തായ പദ്ധതി നടപ്പാക്കി. 5000 റിംഗ് കമ്പോസ്റ്റുകളും നൂറിൽപരം ബയോഗ്യാസ് പ്ലാന്റുകളും നൽകി.ഹരിതകർമ്മസേന രൂപീകരിച്ചു.
മറ്റ് പ്രധാന നേട്ടങ്ങൾ
102 ശൗചാലയങ്ങൾ നിർമിച്ച് സമ്പൂർണ്ണ ഒ.ഡി.എഫ് നഗരസഭ
ഗ്യാസ് ക്രിമിറ്റോറിയം കെട്ടിട നിർമാണം പൂർത്തിയാക്കി
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ഫ്ളക്സ് എന്നിവ നിരോധിച്ചു
ധർമശാല, പറശ്ശിനിക്കടവ് എന്നിവിടങ്ങളിൽ ആധുനീക കംഫർട്ട് സ്റ്റേഷൻ
ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ
പറശിനിക്കടവിൽ സിഡിഎംആർപി ക്ലിനിക്ക്
ഭവനരഹിതരില്ലാത്ത ആന്തൂർ ( 383 വീടുകൾ)
'മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. ആരോഗ്യ ശുചിത്വ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഹരിത കേരള മിഷൻ അവാർഡ്, മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം,ജനകീയ മത്സ്യ കൃഷിയിൽ ഒന്നാം സ്ഥാനം ,ജൈവ കാർഷിക മണ്ഡലം അവാർഡിൽ രണ്ടാം സ്ഥാനം
സി.ഡി.എം.ആർ.പി ക്ലിനിക്കിന്റെ മികച്ച പ്രവർത്തനത്തിന് യുനസ്‌കോ ചെയർ പദവി തുടങ്ങിയ അംഗീകാരങ്ങൾ ആന്തൂരിനെ തേടിയെത്തിയതു തന്നെ മികവിന്റെ തെളിവാണ് '-
പി .കെ. ശ്യാമള
'കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് പ്രവാസി വ്യവസായി സാജന്റെ മരണം. ഭരണ സ്വാധീനത്തിൽ ഈ കേസ് അട്ടിമറിക്കപ്പെട്ടു.വികസനം കടലാസിലും പ്രസ്താവനയിലും ഒതുങ്ങുന്നു.ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതിൽ രാഷ്ട്രീയം കലർത്തുകയാണ്.നൂറിലധികം കമ്പനികൾ പ്രവർത്തിക്കുന്ന വ്യവസായമേഖലയിലെ റോഡ് കാൽനടക്ക് പോലും കഴിയുന്നില്ല. ധർമ്മശാലയിൽ പ്രഖ്യാപിച്ച ബസ് സ്റ്റാന്റ് ഇനിയും യാഥാർത്ഥ്യമായില്ല-
വത്സൻ കടമ്പേരി,പ്രസിഡന്റ് ,ആന്തൂർ മണ്ഡലം കോൺഗ്രസ്)