കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിലെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ക്ഷീരകർഷകരെ വെട്ടിലാക്കുന്നു. സംസ്ഥാനത്തെ 31 മൃഗാശുപത്രികളിൽ മൂന്ന് ഷിഫ്റ്റുകളിലായി 24മണിക്കൂർ സേവനം നടപ്പാക്കിയപ്പോൾ ഏറ്റവുമധികം ക്ഷീരകർഷകരും കന്നുകാലികളുമുള്ള മലയോര മേഖല പുറത്ത്. ഉളിക്കൽ മൃഗാശുപത്രി പൂട്ടി. ജില്ലയിൽ പദ്ധതി നടപ്പാക്കിയ ആശുപത്രികൾ മൂന്നും നഗര പ്രദേശങ്ങളിലാണ്. പയ്യന്നൂർ, മട്ടന്നൂർ, ധർമ്മടം.
സംസ്ഥാനതല ഉദ്ഘാടനം നടന്ന 16ന് പയ്യന്നൂർ, മട്ടന്നൂർ ആശുപത്രികളിൽ തീരുമാനം നടപ്പായെങ്കിലും മണ്ഡലത്തിലെ ഏത് മൃഗാശുപത്രിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുള്ളതിനാൽ ധർമ്മടത്ത് ആരംഭിച്ചില്ല. ധർമ്മടം മണ്ഡലത്തിലെ മൂന്നുപെരിയയിലുള്ള സബ് സെന്റർ മൃഗാശുപത്രിയായി ഉയർത്താനാണ് നീക്കം. മൃഗസംരക്ഷണ വകുപ്പിൽ 2013ൽ അധികമായി കണ്ടെത്തിയ 34 വെറ്ററിനറി സർജന്മാരുടെ തസ്തികകൾ ഉപയോഗിച്ചാണ് മുഴുവൻ സമയ ആശുപത്രികൾ തുടങ്ങിയത്. സംസ്ഥാനത്തെ 1360 ഊർജ്ജിത കന്നുകാലി വികസന ഉപകേന്ദ്രങ്ങൾ മേഖലാ ഓഫീസുകളിൽ നിന്ന് മാറ്റി അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികളുമായി സംയോജിപ്പിച്ചെങ്കിലും മേഖലാ, പ്രോജക്ടോഫീസുകൾ ഇത്രയും കാലം ഒരു പണിയുമില്ലാതെ നിലനിർത്തുകയായിരുന്നു.
വെറ്ററിനറി ഡോക്ടർമാരിൽ കുറെപ്പേരെ ഇപ്പോൾ മാറ്റിയെങ്കിലും 38 അസിസ്റ്റന്റ് ഡയറക്ടർ, ഒൻപത് ഡെപൂട്ടി ഡയറക്ടർ തസ്തികകൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതുവഴി ലക്ഷങ്ങളാണ് സർക്കാർ ഖജനാവിന് നഷ്ടം. അഡീഷണൽ ഡയറക്ടരായി കൂടുതൽ പേരെ നിയമിക്കുന്നതിനെതിരെ ഈയിടെയാണ് സർക്കാർ കർശനമായ താക്കീത് നൽകിയത്. ആവശ്യമില്ലെന്ന് കണ്ടെത്തിയ ജീവനക്കാരെ പുനർവിന്യസിക്കുക മാത്രമാണ് ഓരോ ആശുപത്രികളിലും ചെയ്തിരിക്കുന്നതെങ്കിലും ഉപകാരപ്രദമായ തസ്തികകൾ മാറ്റിയെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഉളിക്കൽ ആശുപത്രി ഇല്ലാതായി
ഇപ്പോൾ ഡോക്ടർ കൂടി ഇല്ലാതായതോടെ ഉളിക്കൽ മേഖലയിലെ നൂറുകണക്കിന് ക്ഷീരകർഷകർക്കുള്ള ഏക ആശ്രയം നഷ്ടമായി. പഞ്ചായത്തിന്റെ മറ്റൊരറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിയിലെത്തണം ഇനി മൃഗചികിത്സയ്ക്ക്. ശിവപുരം, വയനാട് ജില്ലയിലെ പിലാക്കാവ്, വാളേരി ഉപകേന്ദ്രങ്ങൾ ഉപേക്ഷിക്കുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. എന്നാൽ നൂറ് കന്നുകാലികൾ പോലുമില്ലാത്ത വളപട്ടണം, ന്യൂമാഹി തുടങ്ങിയ സ്ഥലങ്ങളിൽ ഡോക്ടർമാരെയും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും നിലനിർത്തിയിട്ടുണ്ട്. ജില്ലയിൽ തന്നെ കന്നുകാലി സമ്പത്തിൽ മുന്നിലുള്ള ഉളിക്കൽ മൊബൈൽ ഫാം എയിഡ് യൂണിറ്റിൽ ആകെയുള്ള വെറ്ററിനറി സർജനെയാണ് മട്ടന്നൂരിലേക്ക് മാറ്റിയിരിക്കുന്നത്. നാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്ത് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് എല്ലാ സൗകര്യങ്ങളോടെയും നിർമ്മിച്ച കെട്ടിടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് ഉൾപ്പെടെ ഇവിടെയുണ്ട്.