broker

കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ തെക്കുവടക്ക് നടക്കുന്ന പുരുഷന്മാരുടെ ദുരിതം പറഞ്ഞറിയാക്കാൻ വാക്കുകൾ മതിയാകില്ല. ഇത് മലബാറിലെ മാത്രം പ്രശ്നവുമല്ല. സ്വന്തം നാട്ടിൽ നിന്ന് പെണ്ണ് കിട്ടാതെയാകുമ്പോൾ കർണാടകയിലെ ചുരം കയറി പെണ്ണ് തേടാൻ തയ്യാറാകുകയാണ് ന്യൂജെൻ യുവാക്കൾ. കർണാടകയിലെ കുടകിലെ മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി പെൺകുട്ടികളാണ് വിവാഹം കഴിച്ച്‌ മലബാറിലേക്ക് വരുന്നത്. പ്രത്യേകിച്ച് കണ്ണൂർ ,കാസർകോട് ജില്ലകളിൽ. അതിനിടെയാണ് ചില കല്യാണം മുടക്കികളുടെ രംഗപ്രവേശം.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമയായ ചെറുപുഴയിൽ നടന്ന സംഭവമാണ് ഇതുപറയാൻ കാരണമായത്. തലങ്ങും വിലങ്ങും നടന്ന് പ്രായം കുത്തനെ കയറുന്നതിനിടയിലാണ് ഇത്തരം ശകുനം മുടക്കികളുടെ വരവ്. ഗതികെടുമ്പോൾ ഇങ്ങനെ കടുംകൈ കാണിക്കുന്നവരെ ഒതുക്കാൻ എന്തും ചെയ്തു പോകും. നാടു മുഴുവൻ പുരനിറഞ്ഞ പുരുഷന്മാരായതോടെ അവരെ പെണ്ണുകെട്ടിക്കാൻ പലയിടത്തും പൊലീസ് തന്നെ രംഗപ്രവേശം ചെയ്തിട്ടുണ്ട് ! തലശേരി ജനമൈത്രി പൊലീസ് ഇതിനായി വാട്സ് ആപ്പും തുടങ്ങി. ചെറുക്കന്റെ വിലാസം, ജോലി, ഫോട്ടോ എന്നിവ അയച്ചു കൊടുത്താൽ അനുയോജ്യമായ വധുവിനെ കണ്ടെത്തിക്കൊടുക്കാൻ തലശേരി പൊലീസ് രണ്ടും കല്‌പിച്ച് ഇറങ്ങിയിരിക്കയാണ്. പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിരാശയിൽ കഴിയുന്ന ചെറുപ്പക്കാരുടെ വേദന ആരറിയാനാണ്. അതിനിടയിലാണ് ചില കല്യാണം മുടക്കികളുടെ പാര പണിയൽ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ വീടും കടയും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുന്നതിനെ ഓർമ്മിപ്പിക്കുന്ന സംഭവമാണ് ഈയിടെ ചെറുപുഴയിൽ നടന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് സിനിമയിൽ കടയും വീടും പൊളിച്ചതെങ്കിൽ,​ ഇവിടെ കല്യാണം മുടക്കിയതിന്റ പേരിലാണ് യുവാവ് കട ജെ.സി.ബി വച്ച് ഇടിച്ചു നിരപ്പാക്കിയത്. തന്റെ വിവാഹസ്വപ്നം തകർത്തവരെ പഞ്ചായത്തിൽപ്പോലും ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുവാവിന്റെ ഭീഷണി. പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇടിച്ചു നിരപ്പാക്കിയത്. കൃത്യം നിർവഹിച്ച ശേഷം യുവാവ് നേരെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തനിക്ക് വരുന്ന വിവാഹാലോചനകൾ മുടക്കിയതിലുള്ള വൈരാഗ്യമാണ് കട തകർക്കാൻ കാരണമെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. പൊലീസുകാർ അന്തം വിട്ടു പോയി. ഏത് വകുപ്പ് വച്ച് കേസ് ചാർജ് ചെയ്യും. കല്യാണം മുടക്കിയതിന്റെ പേരിൽ ഇത്തരമൊരു അതിക്രമം നടക്കുന്നതും ആദ്യമായിട്ട്. പെണ്ണ് കണ്ടു കഴിഞ്ഞാൽ ചെറുക്കനെ കുറിച്ച് അന്വേഷിച്ചെത്തുന്നവരെ വട്ടം കറക്കുന്ന നിരവധി യുവാക്കൾ നമ്മുടെ നാട്ടിൻ പുറങ്ങളിലുണ്ട്. കടത്തിണ്ണകളിലും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലും ഇരുന്ന് വെടി പറയുന്നവരുടെ പ്രധാന വിനോദം കല്യാണം മുടക്കലാണ്. ഇത്തരം കടമ്പകൾ മറികടക്കാനാണ് പലരും പെണ്ണ് കെട്ടാനായി ചുരം കയറുന്നത്. കണ്ണൂർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം യുവാക്കളെ കുറിച്ച് ഒരു സർവേ എടുത്തിരുന്നു. പുരനിറഞ്ഞ പുരുഷനെ പെണ്ണു കെട്ടിക്കാൻ പൊലീസ് ഇതിനായി കർമ്മപദ്ധതിയും തയ്യാറാക്കിയിരുന്നു. എന്നാൽ ഒരു നാടിന് പേരുദോഷം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചേർന്ന് കെട്ടുകെട്ടിക്കുകയായിരുന്നു.

മലബാറിൽ കുടക് കല്യാണ മേളം

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കർമാരും കുടകിലെ ചില ബ്രോക്കർമാരും തമ്മിലുള്ള ധാരണയെ തുടർന്നാണിത്. വിവാഹ ദല്ലാളിന് 30,000 മുതൽ 50,000 വരെയാണ് കമ്മിഷൻ. ചിലർക്ക് നാട്ടിൽ പെണ്ണുകിട്ടാതായതോടെ അന്വേഷണം കുടകിലേക്ക് മാറ്റുകയായിരുന്നു. സാധാരണക്കാരുടെ കുടുംബങ്ങളിൽ കല്യാണപ്രായമെത്തിയിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത ഒട്ടേറെ യുവതികളുണ്ടായിരുന്നു. ഇതിനിടയിലാണ് കേരളത്തിൽ നിന്ന് വൻതോതിൽ വിവാഹ ആലോചനകൾ എത്തിയത്. ആലോചനകളിൽ അധികവും ഗൾഫുകാരായ യുവാക്കളിൽ നിന്നായിരുന്നു. വിവാഹ ആലോചനയ്‌ക്ക് തയ്യാറാവുന്ന പുരുഷന് ജോലി വേണം. 35 വയസ് കവിയരുത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച വധുവിന്റെ വീട്ടിൽ താമസിക്കണം. സമ്പാദ്യം, സ്വത്ത് എന്നിവ നിർബന്ധമില്ല. ഇത്രയുമാണ് വധുവിന്റെ വീട്ടുകാരുടെ വ്യവസ്ഥ. മൈസൂർ കല്യാണത്തിന്റെ പേരിൽ നിരവധി പെൺകുട്ടികളെ കണ്ണീരു കുടിപ്പിച്ച സംഭവത്തിന്റെ പ്രായശ്ചിത്തമായി കുടക് കല്യാണത്തെ കാണുന്നവരുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ക്ഷാമം പറഞ്ഞാണ് പുരുഷന്മാർ കുടകിലേക്ക് ചുരം കയറുന്നത്. പക്ഷേ ഇതിലും ഇപ്പോൾ കള്ളനാണയങ്ങൾ വ്യാപകമായിട്ടുണ്ട്. വിവാഹത്തിന്റെ പേരുപറഞ്ഞ് മലബാറുകാരെ വഞ്ചിക്കുന്ന ചില തട്ടിപ്പ് സംഘങ്ങളും കുടകിൽ സജീവമായിട്ടുണ്ട്. ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കിൽ പണി കിട്ടും.