നീലേശ്വരം: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സജ്ജമാവുന്നു. മെഷിനറികൾ, ബെഡ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഇനി റിവേഴ്സ് ഒസ് മോട്ടോണിക്സ് മെഷീനറി എത്തിക്കഴിഞ്ഞാൽ മാത്രമേ യൂണിറ്റ് പ്രാവർത്തികമാവുകയുള്ളു. ഇതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റിലേക്കുള്ള ജനറേറ്റർ, യു.പി.എസ് എന്നിവയും സജ്ജീകരിക്കേണ്ടതുണ്ട്.
ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ വരുന്ന ഡയാലിസിസ് രോഗികൾ കാഞ്ഞങ്ങാട്ടെ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പോയിട്ടാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിനായി ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണമെങ്കിൽ 3300 രൂപയോളം ചെലവാകുന്നുണ്ട്. അങ്ങിനെ മാസങ്ങളോളം ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്ക് ഭീമമായ തുകയാണ് ചെലവാകുന്നത്.
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉടലെടുത്തിരുന്നു. നീലേശ്വരം നഗരസഭയെ കൂടാതെ കിനാനൂർ കരിന്തളം, മടിക്കൈ ,കയ്യൂർ-ചീമേനി പഞ്ചായത്തുകളിലെ രോഗികൾ നീലേശ്വരം താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.