കണ്ണൂർ: ദീർഘകാലം കണ്ണൂർ നഗരസഭയിൽ അംഗമായും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ച് മരണപ്പെട്ട ബി.പി ഫാറൂഖിന്റെ സ്മരണാർത്ഥം കോർപ്പറേഷന്റെ അധീനതയിലുള്ള താണ ജംഗ്ഷൻ മുതൽ ആനയിടുക്ക് റെയിൽവേ ഗേറ്റ് വരെയുള്ള റോഡിന് ബി.പി ഫാറൂഖ് റോഡ് എന്ന് നാമകരണം ചെയ്യാൻ കൗൺസിലർ എം. ഷഫീഖ് അവതരിപ്പിച്ച പ്രമേയം ഇന്നലെ ചേർന്ന കൗൺസിൽ യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ സ്ഥാപിച്ച കോഴിമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സഹകരിച്ച് കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ കോഴിക്കടയിൽ നിന്നും ഏഴ് രൂപ നിരക്ക് നിശ്ചയിച്ച് കോഴി മാലിന്യം സംസ്‌കരിക്കാനുള്ള അപേക്ഷയ്ക്കും അംഗീകാരം ലഭിച്ചു. അമൃത് പദ്ധതിയിലുൾപ്പെടുത്തി പയ്യാമ്പലം പാർക്കിൽ നിർമിച്ച സൈക്കിൾ ട്രാക്കിൽ സൈക്കിൾ സവാരി നടത്തുന്നതിനുള്ള അപേക്ഷയും യോഗം അംഗീകരിച്ചു.
മേയർ സി. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ .ടി.ഒ.മോഹനൻ, അഡ്വ. പി. ഇന്ദിര, വെള്ളോറ രാജൻ സംസാരിച്ചു.