കണ്ണൂർ: ഇരിട്ടി ആർ.ടി ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ലൈസൻസ്, പെർമിറ്റ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും മറ്റും മാസങ്ങളായി കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. 4500 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ലൈസൻസ് അപേക്ഷകളിൽ നടപടി ക്രമം പൂർത്തിയാക്കി ലാമിനേറ്റ് ചെയ്തില്ലെന്ന കാരണം പറഞ്ഞ് വച്ച് താമസിപ്പിക്കുകയായിരുന്നു. ഇങ്ങനെയുള്ള 75 ഫയലുകളാണ് കണ്ടെടുത്തത്. അപേക്ഷകളിൽ ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും മാസങ്ങളായി കെട്ടിക്കിടക്കുന്നവയും വിജിലൻസ് കണ്ടെത്തി.

ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിർദേശത്തെ തുടർന്ന് സി.ഐമാരായ എ.വി.ദിനേശ്, ടി.പി സുമേഷ് എന്നിവരടങ്ങുന്ന സംഘം വിദ്യാഭ്യാസ വകുപ്പിലെ സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്.

ലൈസൻസ് കൊടുത്തു,

രേഖകളിൽ മാത്രം!

പുതുതായി പ്രവർത്തനം തുടങ്ങിയ ആർ.ടി ഓഫീസിനെ സംബന്ധിച്ച് നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. അപേക്ഷകന് ലൈസൻസ് അയച്ചു കൊടുത്തുവെന്ന് ഓഫീസ് രേഖകളിൽ കാണിച്ചിരുന്നുവെങ്കിലും എല്ലാം ഫയലിൽ കെട്ടിക്കിടക്കുകയായിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.