കണ്ണൂർ: നഗരസഭയായി ഉയർത്തപ്പെട്ടതോടെ വികസനപാതയിലാണ് ശ്രീകണ്ഠാപുരം നഗരസഭ. സർക്കാർ അനുവദിച്ച മുഴുവൻ ഫണ്ടും അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി ഇതിനോടകം ചിലവിട്ടുവെന്നാണ് ഭരണസമിതി പറയുന്നത്. നഗരസഭയുടെ തന്നെ തനതു ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളും നടപ്പാക്കിവരുന്നു.
സാമൂഹ്യക്ഷേമം, പട്ടികജാതി വികസനം, കാർഷിക-ജലസേചനം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, ആരോഗ്യം, പൊതുമരാമത്ത് , സാമൂഹ്യക്ഷേമം തുടങ്ങി നാനാ മേഖലകളിലും നേട്ടം കൈവരിക്കാൻ നഗരസഭ ഭരണസമിതിക്ക് സാധിച്ചു. മടമ്പം മാതൃക അങ്കണവാടി, ചെമ്പന്തൊട്ടി പൊതുജന വായനശാല, കോറങ്ങോട്ട് വയോജന വിശ്രമകേന്ദ്രം, മങ്കട കോളനിയിലെ സാംസ്‌കാരിക നിലയം എന്നിവ നിർമ്മിച്ചു. കെ.എസ്.എഫ്.ഇയും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് സംയുക്തമായി അങ്കണവാടികൾക്കും വായനശാലകൾക്കും ക്ലബ്ബുകൾക്കും ടി.വി നൽകുവാൻ സാധിച്ചു.
പി.എം.എ പദ്ധതിയുമായി സഹകരിച്ച് 434 വീടുകൾ നിർമ്മിച്ച് കൈമാറി.ലൈഫ് മിഷൻ പദ്ധതി പ്രകാരം 30 വീടുകൾ പൂർത്തിയാകുകയാണ്. അംബേദ്കർ എസ് .ടി കോളനിയിലെ അടിസ്ഥാന വികസനവും ശ്രദ്ധേയ നേട്ടമാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ആറ് വാർഡുകളിൽ ശുദ്ധജലം എത്തിക്കാൻ സാധിച്ചു. എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പ്, മറ്റ് പഠനസാമഗ്രികൾ എന്നിവ നൽകാൻ സാധിച്ചു.
ആരോഗ്യമേഖലയിലും മികച്ച നേട്ടമാണ് നഗരസഭയിലുണ്ടായത്. 20 വയോമിത്രം ക്ലിനിക്കുകൾ സ്ഥാപിച്ചു.നൂറ്റമ്പതോളം വാർഡുകളുള്ള കൊവിഡ് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിച്ചു.വികലാംഗർക്ക് ഇരുപതോളം ഇരുചക്രവാഹനങ്ങൾ നൽകി.പ്രളയത്തിൽ പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.കണിയാൽവയൽ- കാഞ്ഞിലേരി -ഉളിക്കൽ റോഡുകൾ കിഫ്ബി പദ്ധതിയിൽ പൂർത്തിയായി .പൊതുമരാമത്ത് വകുപ്പ് പുതിയ റോഡുകൾക്കായി 15 കോടി രൂപ അനുവദിച്ചതും നേട്ടമായി. ചെങ്ങളായി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കാവുമ്പായി -കരിവെള്ളൂർ റോഡിന് 30 കോടി രൂപ ചിലവഴിച്ചു.
30 മിനി മാസ്റ്റ്‌ലൈറ്റുകൾ സ്ഥാപിക്കാൻ സാധിച്ചു. മുഴുവനാളുകൾക്കും ക്ഷേമ പെൻഷൻ നൽകി. മാലിന്യ സംസ്‌കരണത്തിന് അതിനൂതന സാങ്കേതികവിദ്യകൾ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.പ്ലാസ്റ്റിക് ഷ്രെഡ്ഡിഗ് ആൻഡ് സെല്ലിംഗ് യൂണിറ്റ് സ്ഥാപിച്ചു. ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് സാമഗ്രികൾ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നു. ജൈവ റിംഗ് കമ്പോസ്റ്റ് 30 വീടുകളിൽ സ്ഥാപിക്കാൻ സാധിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും മികച്ച രീതിയിലാണ് നഗരസഭയിൽ നടന്നത്.