mc-khamarudeen

കാസർകോട്: പതിമൂന്ന് വർഷം മുമ്പ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ ജുവല്ലറി തുടങ്ങിയത് നാട്ടിലെ 'സമ്പന്നരുടെ" പണം കൊണ്ടായിരുന്നു. ഒരു രൂപ മുടക്കുമുതൽ ഇല്ലാതെ നാട്ടുകാരുടെ പണം പിരിച്ചു സ്ഥാപനം തുടങ്ങി.

ജുവല്ലറി തുടങ്ങാൻ എം.സി. ഖമറുദ്ദീൻ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമായി കമ്പനി രജിസ്റ്റർ ചെയ്തു. സമൂഹത്തിൽ അംഗീകാരമുള്ള മുസ്ലിംലീഗിന്റെ പ്രമുഖ നേതാക്കൾ മുന്നിൽ നിന്നതോടെ പണം മുടക്കാൻ ആളുകൾ തയ്യാറായി. കള്ളപ്പണം കൈവശം വച്ചിരുന്നവർ അത് വെളുപ്പിക്കാനുള്ള ഇടമായി ജുവലറി കമ്പനിയെ ഉപയോഗിച്ചു. ഗൾഫ് നാടുകളിൽ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവരും നാട്ടിലെ പാവങ്ങളും നേതാക്കളുടെ മോഹന വാഗ്ദാനത്തിലും 'വിശ്വാസ്യത'യിലും കുടുങ്ങി പണം നിക്ഷേപിച്ചതോടെ വരുമാനം വർദ്ധിച്ചു. വടക്കൻ കേരളത്തിലെയും വിദേശത്തെയും ലീഗ് നേതാക്കളും അടുത്ത ബന്ധമുള്ള ധനാഢ്യരും ലക്ഷങ്ങൾ ഓഹരിയായി നൽകി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആയിരം രൂപ ഡിവിഡന്റ് നൽകുമെന്നായിരുന്നു വാഗ്ദാനം.

പണം കൂടിയതോടെ കാസർകോടും തലശേരിയിലും പയ്യന്നൂരിലും അജ്മാനിലും ബ്രാഞ്ചുകൾ തുടങ്ങി. ഏഴ് വർഷം കഴിഞ്ഞ്,​ 2014 ലാണ് പയ്യന്നൂരിൽ ബ്രാഞ്ച് ആരംഭിച്ചത്. തലശേരിയിലെയും അജ്മാനിലേയും ബ്രാഞ്ചുകൾ ഒന്നരക്കൊല്ലം കൊണ്ട് പൊട്ടി.

പണം പിരിക്കാൻ നാല് കമ്പനികൾ തുടങ്ങി ഓരോ ജൂവല്ലറിയും ഓരോ കമ്പനിയുടെ പേരിലാക്കി. മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയാണ് പണം പിരിച്ചത്. ചിലതിൽ ചെയർമാനും എം ഡിയും മറ്റു ചിലതിൽ എം ഡി മാത്രവും ഒപ്പിട്ടു. കമ്പനിക്ക് വീഴ്ച പറ്റിയാൽ മദ്ധ്യസ്ഥനെ വയ്‌ക്കാൻ അധികാരം നൽകുന്ന കരാറാണ് ഒപ്പിട്ടു നൽകിയത്. നഷ്ടം സംഭവിച്ചാൽ എല്ലാവരും തുല്യമായി പങ്കിടണമെന്നും കരാറിൽ എഴുതിച്ചേർത്തു. വരവിൽ കവിഞ്ഞ ചിലവും ധൂർത്തും ഉണ്ടായതോടെ സ്ഥാപനം മൂന്നാം വർഷത്തിൽ നഷ്ടത്തിലായി.

 കമ്പനി വീണപ്പോൾ കൂട്ടി ഖമറുദ്ദീന്റ ശമ്പളം --70,​000

30,000 രൂപ ശമ്പളം നിശ്ചയിച്ചാണ് ചെയർമാനും എം ഡിയും പ്രവർത്തിച്ചത്. ജുവലറി നഷ്ടമായപ്പോഴും എം.എൽ.എയുടെ ശമ്പളം 70,000 ആക്കി ഉയർത്തി. കൂടാതെ ഇന്നോവ കാറും ഡ്രൈവറെയും കമ്പനി നൽകി. 2017ൽ ജുവലറി മൂക്കുകുത്തി വീഴുകയാണെന്ന് അറിഞ്ഞിട്ടും രണ്ടുവർഷം നിക്ഷേപം സ്വീകരിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. വരുമാനം നോക്കാതെ വേണ്ടപ്പെട്ടവർക്ക് ലാഭവിഹിതം നൽകിയെന്ന് ആരോപണമുണ്ടായി. ഡയറക്ടർമാർ പരസ്പരം പാരവെച്ചെന്നും പ്രചാരണമുണ്ടായി. പത്തര കിലോ സ്വർണം ചിലർ ജുവലറിയിൽ നിന്ന് കടത്തിയിരുന്നു.