കാഞ്ഞങ്ങാട്: നഗരസഭയിൽ സി.പി.എം മത്സരിക്കുന്ന വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി. പാർട്ടി ഏരിയ-ലോക്കൽ കമ്മിറ്റികൾ അംഗീകരിച്ച പേരുകൾ അതത് വാർഡുകളുടെ പരിഗണനയ്ക്ക് വിട്ടു.ഇന്നും നാളെയുമായി വാർഡുകമ്മിറ്റികൾ ചേർന്ന് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കും. തർക്കമുണ്ടെങ്കിൽ മാത്രമേ മേൽകമ്മിറ്റികൾ ഇടപെടുകയുള്ളൂ.
ഇപ്പോഴത്തെ ചെയർമാൻ വി.വി. രമേശൻ വീണ്ടും മത്സരിക്കും.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി .കെ. നിഷാന്ത് ,ബല്ലാ ഈസ്റ്റ് മേഖല കമ്മിറ്റിഅംഗം സുജിത്ത് എന്നിവർ ജനവിധി തേടും.മാതോത്ത് വാർഡിലാണ് രമേശൻ മത്സരിക്കുന്നത്. നിഷാന്തിന് കുറുന്തൂർ വാർഡ് മാറ്റിവച്ചിട്ടുണ്ട്.മുൻ കൗൺസിലർ എച്ച് ശിവദത്തും മത്സരിക്കും. ചെമ്മട്ടംവയൽ വാർഡിൽ നിലവിലുള്ള കൗൺസിലർ കെ. ലത തന്നെ വീണ്ടും ജനവിധി തേടും.
സി. പി .എം ലോക്കൽ കമ്മിറ്റി അംഗം പപ്പൻ കുട്ടമത്ത് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വാർഡിൽ സ്ഥാനാർത്ഥി ആകും.നിലവിലുള്ള കൗൺസിലിൽ പുതുക്കൈ ലോക്കലിലെ അഞ്ച് വാർഡും സി.പി.എമ്മിനാണ്. ഇവിടെ മുൻ കൗൺസിലർമാരായ രവീന്ദ്രൻ ചേടീറോഡ്,ടി വി മോഹനൻ,രാധാകൃഷ്ണൻ പള്ളിക്കൈ എന്നിവരും പുതുമുഖമായ എം രാജനും മത്സരിക്കും.മധുരങ്കൈ വാർഡിൽ നിലവിലുള്ള കൗൺസിലർ സരസ്വതി തന്നെ വീണ്ടും മത്സരിക്കും.
വെള്ളിയാഴ്ച ചേർന്ന സിപിഎം ഏരിയ ലോക്കൽ സംയുക്ത യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി .കെ. രാജൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചുയ. നിലവിൽ സി.പി.എം പ്രതിനിധീകരിക്കുന്ന നിലാങ്കര വാർഡ് സി.പി.ഐക്ക് നൽകാൻ ധാരണയായിട്ടുണ്ട്. പാർട്ടി ലോക്കൽ സെക്രട്ടറി സികെ ബാബുരാജ് ഇവിടെ മത്സരിക്കും.