കാസർകോട് : ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 ക്രിമിനൽ കേസുകളിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവ് എം. സി. ഖമറുദ്ദീൻ എം. എൽ. എയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈ കേസിലെ ആദ്യ അറസ്റ്റാണിത്.
സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്ക് നടുവിൽ തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, യു.ഡി. എഫിനെയും ഘടകകക്ഷിയായ മുസ്ലിംലീഗിനെയും സമ്മർദ്ദത്തിലാക്കുന്നതാണ് ഖമറുദീന്റെ അറസ്റ്റ്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലാണ് ഖമറുദ്ദീൻ എം.എൽ.എയായത്.
ജുവലറി കമ്പനിയുടെ ചെയർമാനാണ് ഖമറുദ്ദീൻ. മാനേജിംഗ് ഡയറക്ടർ ടി. കെ. പൂക്കോയ തങ്ങൾ, ജൂവലറി പയ്യന്നൂർ ബ്രാഞ്ചിന്റെ മാനേജരും ഡയറക്ടറുമായ ഹാരിഫ് അബ്ദുൾ ഖാദർ, തങ്ങളുടെ മകൻ ഇഷാം എന്നിവരാണ് മറ്റു പ്രതികൾ. അതേസമയം, ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയി.
രാവിലെ പത്ത് മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ഖമറുദ്ദീനെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ. എസ്. പി വിവേക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വൈകിട്ട് മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഐ. ജി. യോഗേഷ് അഗർവാളിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ടി.കെ. പൂക്കോയ തങ്ങൾ, ഹാരിഫ് അബ്ദുൽ ഖാദർ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ മകൻ ഇഷാം ഗൾഫിലേക്ക് കടന്നതായി വിവരം ലഭിച്ചു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതം : ഖമറുദ്ദീൻ
കാസർകോട് : അന്യായമായി വിളിച്ചു വരുത്തി തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് എം. സി.ഖമറുദ്ദീൻ എം.എൽ. എ പ്രതികരിച്ചു.
അറസ്റ്റിന് ശേഷം നാലര മണിയോടെ എസ്.പി ഓഫീസിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് എം. എൽ. എ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു നോട്ടീസും നൽകിയിട്ടില്ല. വരാൻ പറഞ്ഞു. വന്നപ്പോൾ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് ഈ നാടകം കളിച്ചത്.
തന്റെ കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ നടത്തിയ അറസ്റ്റ് രാഷ്ട്രീയക്കളി അല്ലാതെ മറ്റെന്താണെന്ന് ഖമറുദ്ദീൻ ചോദിച്ചു.
കേസ്
അറസ്റ്റ് രണ്ടര മാസം മുമ്പ് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ
സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം പണമോ ലാഭവിഹിതമോ നൽകിയില്ല.
നാലു കേസുകളിൽ മാത്രം 13 കോടിയുടെ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ 70
മൊത്തം കേസുകൾ 115
നിക്ഷേപമായി വാങ്ങിയത് 120 മുതൽ 150 കോടിയോളം രൂപ.
വകുപ്പും കുറ്റവും
ഐ. പി. സി 420(വിശ്വാസ വഞ്ചന), 406 (അനധികൃത സ്വത്ത് സമ്പാദനം) , 409 (അനുമതിയില്ലാതെ ആസ്തികൾ വിറ്റഴിക്കൽ)
റിമാൻഡിൽ
ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ചുമതല വഹിക്കുന്ന കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് ജയിലിലേക്ക് അയച്ചു.