കണ്ണൂർ: വാളയാറിലും പാലത്തായിയിലും എത്താത്ത ബാലാവകാശ കമ്മിഷൻ ബിനീഷിന്റെ കുട്ടിയുടെ കാര്യത്തിൽ ഓടിയെത്തിയത് ഇരട്ടനീതിയാണെന്ന് അഡ്വ. എം.വി രാജേഷ് കണ്ണൂരിൽ വാർത്താമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ പകപോക്കൽ നടത്തുന്നതായി ആക്ഷേപിക്കുന്നവർ കോടതി എന്തുകൊണ്ടാണ് ജാമ്യം നൽകാത്തതെന്നതിന് മറുപടി പറയണം. സി.പി.എം രാജ്യത്തെല്ലായിടത്തും കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചത് നേരത്തെ എം.വി. രാഘവൻ പറഞ്ഞിടത്തേക്ക് പാർട്ടിയുടെ മടക്കമാണെന്നും ഇപ്പോൾ സി.പി.എം തന്നെ എടുത്ത നിലപാടിന്റെ പേരിലാണ് നേരത്തെ എം.വി.ആറിനെ പുറത്താക്കിയതെന്നും രാജേഷ് പറഞ്ഞു.
സി.എം.പി രാജേഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള എം.വി.ആർ ആറാം ചരമ വാർഷിക ദിനാചരണം നാളെ രാവിലെ 11 ന് എം.വി.ആർ പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ തുടക്കമാകും. 11ന് മഹാത്മാമന്ദിരത്തിൽ അനുസ്മരണ സമ്മേളനം എം.വി .രാജേഷ് ഉദ്ഘാടനം ചെയ്യും. ചൂരായി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കെ. മുഹമ്മദ് റാഫി, എം.കെ. ലക്ഷ്മണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.