കാസർകോട്: മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും തുലഞ്ഞുപോയ കണ്ണീരിന്റെ കഥകളാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ജൂവലറി നിക്ഷേപത്തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗത്തിനും പറയാനുള്ളത്. മക്കളുടെ കല്യാണത്തിന് കരുതിയ കോടിക്കണക്കിന് രൂപയുടെ സ്വർണം നഷ്ടപ്പെടുകയാണെന്ന് തോന്നിയപ്പോഴും ജൂവലറിയുടെ ഉടമകളുടെ വിശ്വാസത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു. എല്ലാം പൂട്ടിയതോടെയാണ് മുടക്കുമുതൽ തിരിച്ചുപിടിക്കാൻ നിയമത്തിന്റെ വഴിതേടിയത്. 'മുടക്കിയ മൊതലുണ്ടല്ലോ അതു മാത്രേ വേണ്ടൂ. നഷ്ടല്ലാം നമ്മള് സഹിച്ചോളാം...'- എം.സി.ഖമറുദ്ദീൻ എം.എൽ.എ. പ്രതിയായ ജൂവലറി നിക്ഷേപത്തട്ടിപ്പിന് ഇരയായ ഉദുമ കോട്ടക്കുന്നിലെ ഷാഫിയുടെ വാക്കുകളാണിത്.
ദുബായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായി വിരമിച്ച ഇദ്ദേഹം അതിനുശേഷമുള്ള തന്റെ സമ്പാദ്യം 20 ലക്ഷം രൂപയാണ് ഫാഷൻ ഗോൾഡ് ജൂവലറിയിൽ നിക്ഷേപിച്ചത്. ഇടയ്ക്ക് അഞ്ചുലക്ഷം പിൻവലിച്ചു. അങ്ങനെ 15 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് തിരികെ കിട്ടാനുള്ളത്. 73 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി ജൂവലറിയിലേക്കെത്തിയത്. സുഹൃത്ത് മുഹമ്മദ്-35 ലക്ഷം, പെങ്ങളുടെ മകനായ ശാഫി-10ലക്ഷം, ഹസൈനാർ-10ലക്ഷം, അബ്ദുള്ള-മൂന്നുലക്ഷം എന്നിവരും ഷാഫി മുഖേന ജൂവലറിയിൽ പണം നിക്ഷേപിച്ചു. 73 ലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്വന്തം പണം നഷ്ടപ്പെട്ടതിന് പുറമേ മറ്റുള്ളവരുടെ പണത്തിനുകൂടി ഉത്തരവാദിത്വം ഏൽക്കേണ്ട സ്ഥിതിയാണ്. ഇതുകാരണം താനനുഭവിക്കുന്ന നാണക്കേടും മനോവിഷമവും ചില്ലറയല്ല- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പണം മുടക്കിയത് പ്രമുഖരുടെ വിശ്വാസത്തിൽ
രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ പ്രശസ്തരായ, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ള നേതാക്കൾ ചേർന്ന് തുടങ്ങിയ സ്ഥാപനം എന്നനിലയിൽ പലരും പണം മുടക്കാൻ തയ്യാറായത്. പുതിയ കേസുകളും വിവാദവും കാരണം നിക്ഷേപകർക്ക് നഷ്ടപ്പെട്ടതും ഈ വിശ്വാസവും പ്രതീക്ഷയുമാണ്. ജൂവലറിയുടെ മുഴുവൻ ശാഖകളും അടച്ച് ഒരുവർഷം കഴിഞ്ഞതിനുശേഷമാണ് നിക്ഷേപകർ കേസ് കൊടുത്തത്.
അടച്ചിട്ടപ്പോഴും നിക്ഷേപം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഇവർക്കെല്ലാം. ഇനിയും കാത്തിരുന്നാൽ പണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ശേഷമാണ് പരാതി നൽകിയത്. ഇതിനിടയിൽ പല രീതിയിലുള്ള ഒത്തുതീർപ്പ് ചർച്ചകളും പ്രശ്നപരിഹാര യോഗങ്ങളും നടന്നെങ്കിലും പണത്തിന്റെ കാര്യത്തിൽ വ്യക്തത ഉണ്ടായില്ല. കാസർകോട് നഗരത്തിലെ ജൂവലറി കൂടി അടച്ചതോടെ നിക്ഷേപകർ വലിയ ആശങ്കയിലായി.
'മകളുടെ കല്യാണത്തിന് കരുതിവച്ച പണമാണ് ജൂവലറിയിൽ നിക്ഷേപിച്ചത്. ഗൾഫിൽ ജോലി ചെയ്തുള്ള സമ്പാദ്യമാണ്. പ്രവാസം മതിയാക്കി നാട്ടിലെത്തിയ ശേഷമാണ് പണം ജൂവലറിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ലാഭവിഹിതമൊക്കെ കൃത്യമായി ലഭിച്ചിരുന്നു. പതിയെ ലാഭവിഹിതം കുറയാൻ തുടങ്ങി. പിന്നീടത് നിലച്ചു-
ഹസൈനാർ ,ഉദുമ എരോൽ.
'40 വർഷം ഗൾഫിൽ കഷ്ടപ്പെട്ട് അസുഖം ബാധിച്ചു നാട്ടിൽ എത്തിയതാണ്. അതുവരെ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ചേർത്ത് 30 ലക്ഷമാണ് ഫാഷൻ ഗോൾഡിന് നൽകിയത്. ഒടുവിൽ ഡിവിഡന്റ് കിട്ടാതായപ്പോൾ ടി കെ പൂക്കോയ തങ്ങളെ തേടി വീട്ടിൽ പോയി. അതിനിടെ അറ്റാക്ക് വന്നു. പിന്നെയാണ് അറിഞ്ഞത് അദ്ദേഹം വീട് പൂട്ടി സ്ഥലം വിട്ടുവെന്ന്.-
കാടങ്കോട്ടെ എ.അബ്ദുൽ ഷുക്കൂർ