iuml

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പടിക്കൽ നിൽക്കുമ്പോൾ യു.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ എം.എൽ.എ എം.സി. ഖമറുദ്ദീൻ അറസ്റ്റിലായത് ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കി. സർക്കാരിനും സി.പി.എമ്മിനും എതിരെ അഴിമതി പ്രചാരണം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ ലീഗ് നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമടക്കമുള്ള ചർച്ചകൾക്കിടെയാണ് എം.എൽ.എ അറസ്റ്റിലാകുന്നത്.

മഞ്ചേശ്വരം എം.എൽ.എയായി ഒരു വർഷം പൂർത്തിയാകുമ്പോഴുള്ള ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും അണികളിൽ വലിയൊരു വിഭാഗം ഖമറുദ്ദീനെതിരെ തിരിയുകയായിരുന്നു. ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ആദ്യം ഖമറുദ്ദീനെ സംരക്ഷിച്ച കാസർകോട് ജില്ലാ ലീഗ് നേതൃത്വവും അറസ്റ്റിലേക്ക് നീങ്ങുമെന്നു കണ്ടതോടെ പിൻവലിഞ്ഞു. ഒരു വ്യക്തിയുടെ തെറ്റ് ലീഗിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നു നേതൃത്വം നിലപാട് തിരുത്തി.

ലീഗ് നിക്ഷേപകർക്കൊപ്പമാണെന്നും ആറ് മാസത്തിനകം ബാദ്ധ്യതകൾ തീർക്കണമെന്നും ഖമറുദ്ദീന് അന്ത്യ ശാസനവും നൽകി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഖമറുദ്ദീനെ പിന്തുണയ്ക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതിനും കാരണങ്ങളുണ്ട്. നിക്ഷേപകരിൽ ഏറിയ പങ്കും ലീഗ് പ്രവർത്തകരും അനുഭാവികളുമായിരുന്നു. ഖമറുദ്ദീനെ പിന്തുണച്ചാൽ പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് മനസിലായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഖമറുദ്ദീനെ പിന്തുണച്ചത് മാത്രമാണ് അപവാദം.

ഖമറുദ്ദീനെതിരെ നടപടി വേണമെന്ന് ലീഗിലെ വലിയൊരു വിഭാഗം സംസ്ഥാന പ്രസിഡന്റ് പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ ചർച്ചയ്ക്കായി പാണക്കാട്ടേക്ക് വരേണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ഖമറുദ്ദീന് മുന്നറിയിപ്പും നൽകിയിരുന്നു.