കാസർകോട്: മികച്ച മാപ്പിളപ്പാട്ടുകാരനായ എം.സി. ഖമറുദ്ദീൻ എം.എൽ.എയായി ജയിച്ചതും 'പാട്ടുംപാടി"യായിരുന്നു. 89 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മഞ്ചേശ്വരത്ത് നിന്ന് 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖമറുദ്ദീൻ ജയിച്ചു കയറിയത്. എം.എൽ.എയായിരുന്ന പി.ബി. അബ്ദുൽ റസാഖിന്റെ മരണത്തെ തുടർന്നാണ് തൃക്കരിപ്പൂർ സ്വദേശിയായ ഖമറുദ്ദീൻ മണ്ഡലത്തിന്റെ നാഥനായത്.
2019 ഒക്ടോബർ 25 നാണ് ഖമറുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ യു.ഡി.എഫിലും ലീഗിലും ഖമറുദ്ദീന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഖമറുദ്ദീന്റെ രാഷ്ട്രീയ ഭാവിയിൽ ഇരുളടഞ്ഞു. അതിനിടെ നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാനുള്ള കാര്യവും എം.എൽ.എ ലീഗ് നേതൃത്വത്തിൽ നിന്നും മറച്ചുവച്ചു.
വെറും ബിസിനസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നുമാണ് നേതൃത്വത്തെ ധരിപ്പിച്ചത്. ആസ്തികൾ വിറ്റാൽ കടം തീർക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു. പക്ഷേ എല്ലാം ജലരേഖയായി.