മാഹി: നൂതനങ്ങളായ ആഭരണങ്ങളിലെ അതിസൂക്ഷ്മമായ കൊത്തുപണികൾ നിമിഷങ്ങൾക്കകം കാൻവാസിൽ പ്രിയ പകർത്തും . മയ്യഴിയുടെ പ്രകൃതിയും ആസൂത്രിത നഗരമായ പുതുച്ചേരിയുടെ സൗന്ദര്യം എല്ലാം നേരിൽ കാണുന്നതുപോലെ ചിത്രീകരിക്കും. മനസിൽ ചിന്തയുടെ വിത്തിടുന്ന മറ്റ് ചിത്രങ്ങൾ കൂടി ചേരുമ്പോൾ പുതുച്ചേരി സ്വദേശിനിയും മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയുമായ ഈ പെൺകുട്ടിയുടെ പ്രതിഭാശേഷി ആരിലും കൗതുകമുണർത്തും.
പക്ഷെ കൗതുകത്തിനല്ല, കൊവിഡിന്റെ വരവോടെ ജോലി നഷ്ടപ്പെട്ട പിതാവിനെ ഏതുവിധത്തിലെങ്കിലും സഹായിക്കാൻ വരയ്ക്കുകയാണ് പ്രിയ.ഇഷ്ടപ്പെട്ട ചിത്രങ്ങൾ എടുത്ത് കഴിയുന്നത് നൽകിയാൽ അത്രയെങ്കിലുമായല്ലോയെന്ന ചിന്തയാണ് ഈ പെൺകുട്ടിയ്ക്ക്. കണ്ണാടിയിൽ മുഖം നോക്കുന്ന പെൺകുട്ടിയും, ഭൂഗോളത്തെ ഗ്രസിച്ച കൊവിഡ് വൈറസും ടാപ്പിൽ നിന്ന് ഇറ്റി വീഴുന്ന ജലകണികയും കണ്ണീരിൽ തെളിയുന്ന സ്വന്തം ജീവിതത്തിന്റെ ലവണാംശവും പുറംതോടിനുള്ളിലേക്ക് ഉൾവലിയുന്ന ആമയും മൊബൈലിൽ ജീവിക്കുന്ന പൂർണ്ണ ഗർഭിണിയും മൊബൈലുമായി പിറവിയെടുക്കുന്ന കുഞ്ഞുമെല്ലാം പ്രിയയുടെ ചിത്രങ്ങളാണ്. മിക്കതും പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞവ തന്നെ.
അഞ്ച് വയസു മുതൽ വരച്ചു തുടങ്ങിയ പ്രിയക്ക് പ്ലസ് ടു പഠന കാലം വരെ പുരസ്‌ക്കാരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.കഷ്ടപ്പാടിനിടയിലും ബി.എ.എം.എസ് പരീക്ഷ ജയിച്ച പ്രിയ ജനുവരി മാസത്തോടെ ഹൗസ് സർജൻസിയും പൂർത്തിയാക്കും.പുതുച്ചേരിയിലെ ഉൾനാടൻ ഗ്രാമമായ അയ്യൻകുടി പാളയത്തെ നിർദ്ധന തൊഴിലാളി കുടുംബത്തിൽ ജനിച്ച പ്രിയയ്ക്ക് മെരിറ്റിലാണ് മയ്യഴിയിൽ ബി.എ.എം.എസ് ലഭിച്ചത്. കൂലിപ്പണിക്കാരനായ അച്ഛൻ മുനിസ്വാമിക്ക് കൊവിഡ് കാലത്ത് ജോലി കിട്ടാതായി. അമ്മ സുജാതയ്ക്ക് മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്ത് കിട്ടുന്ന ചെറിയ തുകയാണ് ഇവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇളയ സഹോദരൻ ബി.എസ്.സി. വിദ്യാർത്ഥിയാണ്.