തലശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ തലശേരി മേഖലയിലെ കൂടുതൽസീറ്റുകളിലും പുതുമുഖങ്ങളെ ഇറക്കി അങ്കത്തിനു തയാറെടുക്കുകയാണ് മുന്നണികൾ. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കുകയാണ് മുന്നണികൾ.
തലശ്ശേരി നഗരസഭ, എരഞ്ഞോളി, ന്യൂമാഹി, കതിരൂർ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയതായി എൽ.ഡി.എഫ് തലശ്ശേരി മണ്ഡലം കൺവീനറും സി.പി.എം. ഏരിയ സെക്രട്ടറിയുമായ എം.സി പവിത്രൻ പറഞ്ഞു. ഇന്ന് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാമാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അത്ഭുതകരമായ വിജയം നേടാൻ കഴിയുമെന്നും, സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിനാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകുകയെന്നും പവിത്രൻ പറഞ്ഞു.കഴിഞ്ഞ ഭരണ സമിതിയുടെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുമുഖങ്ങൾക്കാണ് അവസരം ഒരുക്കിയാണ് ഇത്തവണ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലും പുതുമുഖങ്ങൾ തന്നെയാണ് പട്ടികയിലേറെയും. ഗ്രൂപ്പുകൾക്കുമപ്പുറം ജയ സാദ്ധ്യതയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. 35 സീറ്റുകളിൽ കോൺഗ്രസും, 17 സീറ്റുകളിൽ മുസ്ലിം ലീഗും മത്സരിക്കും. വെൽഫെയർ പാർടിയുമായി നീക്കുപോക്കുണ്ടായാൽ മുസ്ലിം ലീഗിന്റെ ചില സീറ്റുകളിൽ മാറ്റമുണ്ടാകും.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി യു. ഡി. എ ഫിന്റെ പ്രവർത്തനം ഏറെ അടുക്കും ചിട്ടയോടെയുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
കാലാകാലമായി എൽ.ഡി.എഫ് ഭരണം നടത്തുന്ന മുൻ സിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും വികസന മുരടിപ്പ് ജനങ്ങളിൽ തുറന്നുകാട്ടാൻ യോഗം തീരുമാനിച്ചു. വി. രാധാകൃഷ്ണൻ, വി. എൻ ജയരാജ്, അഡ്വ. കെ.എ ലത്തീഫ് , അഡ്വ. പി.വി സൈനുദ്ദീൻ, എ.കെ അബൂട്ടി ഹാജി, വി.സി പ്രസാദ്, എം.പി അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. സി.ടി സജിത്ത് സ്വാഗതം പറഞ്ഞു.
എൻ.ഡി.എയിൽ ബി.ജെ.പി. 42 സീറ്റിലും ബി.ഡി.ജെ.എസ്.10 സീറ്റിലും മത്സരിക്കും.