അഞ്ഞൂറ് കുടുംബങ്ങളിലായി ആയിരത്തിലധികം നഴ്സുമാർ
കണ്ണൂർ: കൊവിഡ് കാലത്ത് നഴ്സുമാരെ മാലാഖമാരായി കാണുമ്പോൾ അഭിമാനം കൊള്ളുന്ന ഒരു നാടുണ്ട് കണ്ണൂരിൽ. ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം എന്ന കൊച്ചു ഗ്രാമം. അഞ്ഞൂറ് കുടുബങ്ങളിൽ ആയിരത്തിലധികം നഴ്സുമാരാണ് ഇവിടെ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായി ആതുരസേവനം ജീവിതവ്രതമായി എടുത്തിട്ടുള്ളത്.
ഭൂരിഭാഗം കുടുംബത്തിലും ഒരാളെങ്കിലും നഴ്സാണിവിടെ. മുഴുവൻ അംഗങ്ങളും നഴ്സുമാരായുള്ള ചില കുടുംബവും മടമ്പത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകത്തെ മിക്ക രാജ്യങ്ങളിലും മടമ്പത്തെ നഴ്സുമാരുടെ സാന്നിധ്യമുണ്ട്. മടമ്പത്തിന്റെ സാമ്പത്തികവളർച്ചയുടെ അവിഭാജ്യഘടകവും നഴ്സുമാരാണ്.
നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ മടമ്പത്തിന്റെ ആരോഗ്യ രംഗത്ത് വിവിധപ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവിധ മാർഗ നിർദ്ദേശങ്ങളും നൽകുന്നുണ്ട്. മലയോര മേഖലയായ മടമ്പത്ത് വലിയ ശതമാനവും കുടിയേറ്റക്കാരാണ്.
ഏലിയാമ്മ അള്ളുങ്കലിൽ നിന്ന് തുടക്കം
45 വർഷം മുമ്പ് ഏലിയാമ്മ അള്ളുങ്കലാണ് മടമ്പത്ത് നിന്ന് ആദ്യമായ് നഴ്സിംഗ് കഴിഞ്ഞ് ജോലി നേടിയത്. പിന്നീടുള്ള തലമുറകൾ ഏലിയാമ്മയെ മാതൃകയാക്കുകയായിരുന്നു. വൈകാതെ ഒരു കുടുംബത്തിലെ രണ്ടു പേർ വച്ചെങ്കിലും നഴ്സിംഗ് പഠനം തിരഞ്ഞെടുക്കുന്ന സ്ഥിതി മടമ്പത്തുണ്ടായി. അതുകൊണ്ട് തന്നെ ആരോഗ്യരംഗത്തും മറ്റ് മേഖലകളിലുമായി ഏറെ വികസനങ്ങൾ കൈവരിക്കാൻ മടമ്പത്തിന് സാധിച്ചു.