election

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നയുടൻ സ്ഥാനാർഥികളെയടക്കം അണിനിരത്തി ജില്ലയിൽ മുന്നിലെത്തിയ ഇടതുമുന്നണി പ്രചാരണത്തിലും അതേനില തുടരുന്നു. ഒക്ടോബർ 28നുതന്നെ സീറ്റുവിഭജനം പൂർത്തിയാക്കിയ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

രക്തസാക്ഷി കുടീരങ്ങളിൽ പുഷ്‌പാർച്ചനയർപ്പിച്ചും രക്തസാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും കുടുംബങ്ങളെ സന്ദർശിച്ചുമാണ്‌ മിക്ക സ്ഥാനാർഥികളും പ്രചാരണത്തിനു തുടക്കമിട്ടത്‌. ആദ്യ ദിവസം തന്നെ പരാമാവധി വീടുകളിൽ കയറി നേരിട്ട്‌ വോട്ടഭ്യർഥിക്കാനും സ്ഥാനാർഥികൾ ശ്രദ്ധിച്ചു.

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും കല്യാശേരി മണ്ഡലം സ്ഥാനാർഥിയുമായ പി.പി ദിവ്യ കൂത്തുപറമ്പ്‌ വെടിവയ്‌പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പനെ സന്ദർശിച്ചശേഷമാണ്‌ പ്രചാരണം ആരംഭിച്ചത്‌. പന്ന്യന്നൂർ സ്ഥാനാർഥി ഇ. വിജയൻ, കതിരൂർ സ്ഥാനാർഥി മുഹമ്മദ്‌ അഫ്‌സൽ എന്നിവരും പുഷ്‌പനെ സന്ദർശിച്ചു.

തില്ലങ്കേരി ഡിവിഷൻ സ്ഥാനാർഥി അഡ്വ. ബിനോയ് കുര്യൻ തില്ലങ്കേരി രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ‌് പ്രചാരണം തുടങ്ങിയത്‌. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി. കൃഷ്ണൻ ഉദ‌്ഘാടനം ചെയ‌്തു.

കരിവെള്ളൂർ സ്ഥാനാർഥി എം. രാഘവൻ കരിവെള്ളൂർ രക്തസാക്ഷി സ്‌മാരകസ്‌തൂപത്തിൽ പുഷ്‌പാർച്ചന നടത്തി പ്രചാരണം ആരംഭിച്ചു. കുഞ്ഞിമംഗലം സ്ഥാനാർഥി സി.പി. ഷിജു മുതിർന്ന കമ്യൂണിസ്‌റ്റും കെ.എസ്‌.കെ.ടി.യു നേതാവുമായ ടി.വി ചന്തുക്കുട്ടിയുടെ അനുഗ്രഹംതേടിയാണ്‌ പ്രചാരണത്തിനു തുടക്കംകുറിച്ചത്‌. പിണറായി സ്ഥാനാർഥി കോങ്കി രവീന്ദ്രൻ പാറപ്രം സമ്മേളന സ്‌തൂപത്തിൽ പുഷ്‌പർച്ചന നടത്തി.

പാട്യം മണ്ഡലം സ്ഥനാർഥി യു.പി. ശോഭ, ചെമ്പിലോട്‌ സ്ഥാനാർഥി കെ.വി. ബിജു, മയ്യിൽ സ്ഥാനാർഥി എൻ.വി. ശ്രീജിനി, അഴീക്കോട്‌ സ്ഥനാർഥി അഡ്വ. ടി. സരള എന്നിവരും പ്രചാരണം ആരംഭിച്ചു. വിവിധ തിരഞ്ഞെടുപ്പു കൺവൻഷനുകളിലും സ്ഥാനാർഥികൾ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് 1692 വാർഡുകളിലേക്ക്

ത്രിതല പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലും എട്ട്‌ നഗരസഭകളിലുമായി മൊത്തം 1692 വാർഡ്‌/ ഡിവിഷനുകളിലേക്കാണ്‌ ജില്ലയിൽ തിരഞ്ഞെടുപ്പ്‌. ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകൾ. 11 ബ്ലോക്കു പഞ്ചായത്തുകളിൽ 149 വാർഡുകളും 71 ഗ്രാമപഞ്ചായത്തുകളിൽ 1175 വാർഡുകളുമുണ്ട്‌. കോർപറേഷനിൽ 55 ഡിവിഷനാണ്‌. ആകെയുള്ള ഒമ്പത്‌ നഗരസഭകളിൽ മട്ടന്നൂരിൽ ഇപ്പോൾ തിരഞ്ഞെടുപ്പ്‌ നടക്കുന്നില്ല. ബാക്കി എട്ടു നഗരസഭകളിലായി 289 വാർഡുകൾ.

ജില്ലാ പഞ്ചായത്തും മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളും 71 ഗ്രാമപഞ്ചായത്തുകളിൽ 53ഉം എട്ടു നഗരസഭകളിൽ അഞ്ചും നിലവിൽ എൽ.ഡി.എഫ്‌ നിയന്ത്രണത്തിലാണ്.