kandal
ഒരു പ്രാന്തൻ കണ്ടലിന്റെ ജീവചരിത്രം എന്ന ഡോക്യുമെന്ററിയിൽനിന്ന്

കണ്ണൂർ: വരും കാലത്തിനും തണലും പ്രതീക്ഷയുമായ കല്ലേൻ പൊക്കുടന്റെ കഥ പ്രകൃതിയുടെ പുനർജീവനത്തിന്റെയും മാനവരാശിയുടെ പ്രത്യാശയുടെയും കഥയാണ്. ഒരു പ്രാന്തൻ കണ്ടലിന്റെ ജീവചരിത്രം എന്ന പേരിൽ പൂർത്തിയാകുന്ന ഡോക്യുമെന്ററി ഫിലിം കണ്ടൽകാടുകളുടെ പാരിസ്ഥിതിക പ്രാധാന്യവും കല്ലേൻ പൊക്കുടന്റെ ജീവിതവും വരച്ചുകാട്ടുന്നു. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ കെ.ടി. ബാബുരാജാണ് ആശയവും പഠനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഭൂമിയുടെ വൃക്കകളാണ് കണ്ടൽചെടികൾ എന്നോർമ്മിപ്പിക്കുമ്പോൾ തന്നെ സമകാല ഹരിത രാഷ്ട്രീയത്തെയും അത് നേരിടുന്ന വെല്ലുവിളികളും പ്രശ്നവൽക്കരിക്കുന്നുണ്ട് ഈ ഡോക്യുമെന്ററി. പ്രകൃതിയുടെ നാഡീഞരമ്പുകളാണ് കണ്ടൽചെടികൾ എന്ന തിരിച്ചറിവോടെ കണ്ടൽ സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ച കല്ലേൻ പൊക്കുടൻ എന്ന മനുഷ്യൻ കണ്ടൽ പൊക്കുടനായി തീർന്ന ചരിത്രം കൂടി ഇവിടെ അടയാളപ്പെടുത്തുന്നു.

രമേഷ് റോഷ് കാമറയും സുജിബാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പൊക്കുടന്റെ മക്കളായ ആനന്ദനും രഘുവും ചിത്രത്തോടൊപ്പം ചേരുന്നു. കരിവെള്ളൂർ മുരളി, പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ഹരി നനവ്, ആശാ ഹരി എന്നിവരുടെ സാന്നിധ്യവുമുണ്ട്. കണ്ടൽ പൊക്കുടനെക്കുറിച്ചുള്ള കവിതകൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയൊക്കെ ഈ ഡോക്യുമെന്ററിയിൽ ചേർത്തിട്ടുണ്ട്. പഴയങ്ങാടി, പുല്ലൂപ്പിക്കടവ്, ചക്കരക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലാൽഹരയുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം.