കണ്ണൂർ: വ്യവസായ വകുപ്പിനു കീഴിലുള്ള അഞ്ച് പൊതുമേഖലാ സ്പിന്നിംഗ് മില്ലുകൾക്കായി പുതിയ ഓട്ടോ കോണർ മെഷീൻ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എം.ഡിമാരോട് രജിസ്ട്രാർ വിശദീകരണം തേടി. സ്പിന്നിംഗ് മില്ലുകൾ അഴിമതി മുക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ അഴിമതി നടന്നത്. ഒമ്പത് കോടി രൂപ സർക്കാർ ഫണ്ട് അനുവദിച്ചതിൽ നാല് സ്പിന്നിംഗ് മില്ലുകളിലായി 7.5 കോടി രൂപയ്ക്ക് ഓട്ടോ കോണർ മെഷീനാണ് വാങ്ങിയത്. ഒരേ കമ്പനിയുടെ ഓട്ടോ കോണർ മെഷീൻ തന്നെ വ്യത്യസ്ത വിലയ്ക്കാണ് ഒരേ കാലയളവിൽ നാല് സ്പിന്നിംഗ് മില്ലുകൾ വാങ്ങിയിട്ടുള്ളത്.
പരാതിയെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിശോധനാ വിഭാഗമായ റിയാബ് സെക്രട്ടറി സ്പിന്നിംഗ് മില്ലുകളുടെ രജിസ്ട്രാറായ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു. ഹാൻഡ്ലൂം ഡയറക്ടർ ബന്ധപ്പെട്ട സ്പിന്നിംഗ് മിൽ മാനേജിംഗ് ഡയറക്ടർമാരോട് വിശദീകരണം തേടുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഹാൻഡ്ലൂം ഡയറക്ടർ നേരിട്ടോ, അല്ലെങ്കിൽ ഹാൻഡ്ലൂം വിജിലൻസ് വിഭാഗത്തിനോ അന്വേഷണ ചുമതല നൽകാതെ അഴിമതിക്ക് നേതൃത്വം നൽകിയ ബന്ധപ്പെട്ട മിൽ എം.ഡിമാരിൽ നിന്നുതന്നെ വിശദീകരണ മറുപടി വാങ്ങി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്.
ഓട്ടോ കോണറിന്റെ മറവിൽ തട്ടിപ്പ്
തൃശൂർ മാളയിലുള്ള കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മില്ലിന് പുറമെ കേരള സ്‌റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷനു കീഴിലുള്ള മൂന്ന് സ്പിന്നിംഗ് മില്ലുകളിലും ഇതേ കാലയളവിൽ ഒരേ കമ്പനിയുടെ ഒരേ കപ്പാസിറ്റിയിലുള്ള ഓട്ടോ കോണർ മെഷീൻ 15 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെ വില കുറവിലാണ് വാങ്ങിയിട്ടുള്ളത്. എന്നാൽ കണ്ണൂർ, മലപ്പുറം, തൃശൂർ, കുറ്റിപ്പുറം മാൽകോടെക്സ് എന്നീ സ്പിന്നിംഗ് മില്ലുകളിലാണ് ഒരേ മെഷീൻ ഉയർന്ന വിലയ്ക്ക് വാങ്ങുകയും കൂടാതെ ഈ നാല് മില്ലുകളും വാങ്ങിയതിൽ തന്നെ വലിയ വില വ്യത്യാസം വന്നിട്ടുമുള്ളത്. ആലപ്പി മിൽ പരുത്തി ലോഡ് ഒന്നിനു നാലുലക്ഷം രൂപ അധികരിച്ച് സ്വകാര്യ പാർട്ടിയിൽ നിന്നും വാങ്ങിയതിൽ അഴിമതി നടന്നതായി രജിസ്ട്രാർ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.