നീലേശ്വരം: കൊവിഡ് കാലത്ത് റബ്ബറിന്റെ വില അപ്രതീക്ഷിതമായി താഴ്ന്നത് കർഷകരെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ വില വർദ്ധനയുണ്ടായതിനാൽ സീസൺ ആരംഭത്തിൽ തന്നെ റബ്ബർ കർഷകർ ശേഖരണം തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു -മൂന്ന് വർഷമായി റബ്ബറിന് വില തകർച്ച നേരിടുന്നതിനാൽ കർഷകർ വലിയ പ്രതീക്ഷയിലുമായി. കഴിഞ്ഞവർഷങ്ങളിൽ ടാപ്പിംഗിന് കൂലി കൊടുത്താൽ പിന്നെ മെച്ചമൊന്നും വരാത്തതിനാൽ പലരും റബ്ബർ ടാപ്പിംഗ് ഉപേക്ഷിച്ചു.
കഴിഞ്ഞവർഷം 100 മുതൽ 120 രൂപ വരെയാണ് കിലോയ്ക്ക് കിട്ടിയിരുന്നത്. എന്നാൽ ഈ വർഷം സീസൺ ആരംഭത്തിൽ തന്നെ കിലോക്ക് 160 രൂപയാണ് കിട്ടിയിരുന്നത്. കൊവിഡ് കാലമായതിനാൽ മറ്റ് തൊഴിലൊന്നുമില്ലാത്തതിനാൽ റബ്ബർ ടാപ്പിംഗിന് മറ്റ് ജില്ലകളിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ എത്തിയിരുന്നു.
അന്യജില്ലകളിൽ നിന്ന് വരുന്ന തൊഴിലാളികളായതിനാൽ ഇവർക്ക് വേണ്ടുന്ന താമസ സൗകര്യവും റബ്ബർ കർഷകർ ഒരുക്കിയിരുന്നു. ഈ സമയത്താണ് വില വീണ്ടും കുത്തനെ താഴ്ന്നത്. ആർ.എസ് 4 ന് 154 രൂപയും, അഞ്ചിന് 147 രൂപയുമാണ് ഇപ്പോഴത്തെ വില. ഒട്ടുപാലിന് 90 രൂപയിൽ താഴെയും.