asokan
കെ.കെ. അശോകൻ, ചെയർമാൻ

കണ്ണൂർ: ഭരണം അവസാനിക്കാനിരിക്കെ ഇരിട്ടി നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ ഒാരോന്നായി നിരത്തി ഇടതുഭരണ സമിതിയും പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പിലാക്കിയില്ലെന്ന ആരോപണവുമായി യു.ഡി.എഫും തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ്. വിവിധ പദ്ധതികൾ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തോടെ ഭരണ സമിതി മുന്നോട്ടു പോകുമ്പോൾ അവസരത്തിനൊത്ത് ഉയർന്നില്ലെന്നാണ് പ്രതിപക്ഷാരോപണം. ഇൻഡോർ സ്റ്റേഡിയം, ബൈപാസ് റോഡുകൾ, ടൗൺ ഹാൾ, ഇൻഫർമേഷൻ സെന്റർ തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് മിണ്ടുന്നേയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു..

അയ്യാങ്കാളി തൊഴിലുറപ്പ് പദ്ധതി, പട്ടിക വർഗ്ഗ വികസനം, വയോമിത്രം തുടങ്ങിയ പദ്ധതികളെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ഭരണസമിതിയുടെ അവകാശ വാദം. ക്ഷീരകർഷകർ നേരിടുന്ന കഷ്ടപ്പാടും പ്രയാസവും തിരിച്ചറിഞ്ഞ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നിരവധി കർഷകരാണ് ആനുകൂല്യത്തിന് അപേക്ഷ നൽകിയത്. ഒരു കർഷകന് 100 ദിവസത്തെ വേതനമെന്ന നിലയിൽ 11,68,000 രൂപയാണ് ബാങ്ക് മുഖേന നഗരസഭ കർഷകർക്ക് നൽകിയത്. ഇരിട്ടി നഗരസഭയിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ തൊഴിൽ രഹിതരായ പട്ടികവർഗ്ഗ യുവതി - യുവാക്കൾക്ക് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.

സാമൂഹ്യ സുരക്ഷാമിഷൻ വയോമിത്രം പദ്ധതി മുഖേന 22 ക്ലിനിക്കുകൾ തുറന്നു. രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ എന്നിവരടങ്ങുന്ന സംഘം ക്ലിനിക്കുകളിലെത്തി 65 വയസ്സ് തികഞ്ഞ വയോജനങ്ങളുടെ ശാരീരികവും മാനസീകവുമായ അവസ്ഥ പരിശോധിച്ച് മരുന്നുകൾ നൽകുന്നു. 22 കേന്ദ്രങ്ങളിലായി 2549 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ ഇടപെടലാണ് ഇരിട്ടി നഗരസഭ നടത്തുന്നത്.

അതേ സമയം ഭവന നിർമ്മാണ പദ്ധതിയിലൂടെ കൂടുതൽ പേർക്ക് വീട് വയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷവിമർശനം. 700 ഒാളം വീടുകൾ കൊടുത്തിട്ടുണ്ടെങ്കിലും ആയിരത്തിലധികം ഭവനരഹിതർ ഇനിയും ബാക്കിയാണ്. ഇരിട്ടി പട്ടണത്തിലെ പഴയ ബസ് സ്റ്റാൻഡിൽ ശൗചാലയം നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടും സ്ഥാപിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കഴിഞ്ഞ അഞ്ചുവർഷമായി വളരെ മികച്ച പ്രവർത്തനമാണ് ഈ ഭരണ സമിതി കാഴ്ചവച്ചിട്ടുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വയോജന മിത്രം, പട്ടിക ജാതി വികസനം തുടങ്ങി വിവിധ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഭരണ സമിതിക്ക് സാധിച്ചു-

കെ.കെ. അശോകൻ, ചെയർമാൻ

പ്രകടനപത്രികയിൽ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ ഈ ഭരണിസമിതിക്ക് സാധിച്ചില്ല. ഭരണ സമിതിയുടെ പ്രവർത്തനഫലമായിട്ടാണെന്ന് കാണിക്കാൻ ഒരു സംരംഭവും നഗരസഭയിലില്ല. ഭവന നിർമ്മാണ പദ്ധതി, കുടിവെള്ള പദ്ധതി തുടങ്ങിയവയിലെല്ലാം വെറും പരാജയമാണ്

പി.വി. മോഹനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ