vishnu
തെയ്യങ്ങളുടെ അണിയറയിൽ വിഷ്ണു കുട്ടമത്ത്

തൃക്കരിപ്പൂർ: തെയ്യവും തെയ്യാട്ടങ്ങളുമടങ്ങുന്ന അനുഷ്ഠാന കർമ്മങ്ങളെ കൊവിഡ് 19 അപഹരിച്ചപ്പോൾ വീട്ടകം ദേവസങ്കേതമാക്കി യുവ കലാകാരൻ. ഇഷ്ടദൈവങ്ങളെ തൊഴുതുവണങ്ങാൻ അവസരം ലഭിക്കാതെ കഴിയുന്ന വിശ്വാസികൾക്ക് മുന്നിൽ ജീവൻ തുടിക്കുന്ന ദൈവശിൽപ്പങ്ങളൊരുക്കിയിരിക്കുകയാണ് വിഷ്ണു കുട്ടമത്ത്.

വീടുപരിസരത്തെ തായനേരി കുറുഞ്ഞി ക്ഷേത്രത്തിലെ തെയ്യങ്ങളുടെ ഉറഞ്ഞാട്ടം കണ്ടുവളർന്ന വിഷ്ണുവിന് തെയ്യക്കോലങ്ങളുടെ രൂപവും ഭാവങ്ങളും മനഃപാഠമാണ്. കടലാസ്, തുണി, കാഡ്ബോർഡ് തുടങ്ങിയവ കൊണ്ട് രൂപപ്പെടുത്തിയ മുച്ചിലോട്ട് ഭഗവതി, രക്തചാമുണ്ഡി, മടയിൽചാമുണ്ഡി, വടക്കത്തി ഭഗവതി, വെള്ളാരങ്കര ഭഗവതി, ക്ഷേത്രപാലകൻ അടക്കം നിരവധി തെയ്യങ്ങൾ വിഷ്ണുവിന്റെ പടിഞ്ഞാറ്റയിലും സ്വീകരണമുറിയിലുമായി നിറഞ്ഞു നിൽക്കുന്നു. തെയ്യക്കോല രൂപങ്ങൾക്കായി ആവശ്യക്കാർ തേടിയെത്താറുണ്ടെന്ന് വിഷ്ണു പറഞ്ഞു.

തിരുവനന്തപുരം ഫൈനാർട്സ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ഈ യുവാവ് വെങ്കല ശില്പ നിർമ്മാണത്തിലും ഇളയച്ഛൻ അരവിന്ദന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഓടക്കുഴൽ വാദകനും കൂടിയാണ്. ഈ കലാകാരന്റെ പണിപ്പുരയിൽ ഇപ്പോൾ പത്തോളം സൃഷ്ടികൾ ഒരുങ്ങിവരുന്നുണ്ട്. പയ്യന്നൂരിലെ സിൻഡിക്കറ്റ് ബാങ്ക് ജീവനക്കാരൻ വിജയൻ കുട്ടമത്ത് -രാജി ദമ്പതികളുടെ മകനാണ്. സഹോദരി വൈഷ്ണവി.